60 കോടി തട്ടിപ്പ് നടത്തിയിട്ടില്ല, ഇനി നിയമനടപടി സ്വീകരിക്കും, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി തമന്ന

ക്രിപ്‌റ്റോ കറന്‍സി കേസില്‍ തനിക്ക് പങ്കുണ്ടെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടി തമന്ന ഭാട്ടിയ. കഴിഞ്ഞ ദിവസമാണ് ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ നടിമാരായ തമന്നയെയും കാജല്‍ അഗര്‍വാളിനെയും പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് കേസ്.

എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്നാണ് തമന്നയുടെ പ്രതികരണം. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണ് എന്നാണ് തമന്ന ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചിരിക്കുന്നത്.

2022ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്ക് എതിരെയാണ് നേരത്തേ കേസ് എടുത്തത്. കമ്പനിയുടെ ഉദ്ഘാടനത്തില്‍ തമന്നയടക്കം നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു.

ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്ത കാജല്‍ 100 പേര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി. മുംബൈയില്‍ നടന്ന പരിപാടിയിലും അവര്‍ പങ്കെടുത്തതായി പൊലീസ് പറയുന്നുണ്ട്. ഇരുവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

Read more