1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത ‘ദി ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ്.
ചിത്രത്തിനായി സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ഒർജിനൽ സോങ് എന്ന വിഭാഗത്തിൽ ഓസ്കർ യോഗ്യത നേടിയിരിക്കുന്നത്. ആകെ വിവിധ ഭാഷകളിൽ നിന്നുള്ള 94 ഗാനങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്. ഓസ്കർ നോമിനേഷന് അയക്കണമെന്ന് ചിന്തിച്ചിരുന്നില്ലെന്നും എല്ലാം അവസാന നിമിഷമാണ് ചെയ്തതെന്നും അൽഫോൺസ് പറയുന്നു. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും, ഒർജിനൽ സ്കോർ വിഭാഗത്തിൽ ചിത്രത്തിലെ പശ്ചാത്തല സംഗീതവുമാണ് ഓസ്കർ നോമിനേഷൻ ലഭിച്ചരിക്കുന്നത്.
ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്. നോമിനേഷന് അയക്കണം എന്ന് തന്നെ ചിന്തിച്ചിരുന്നില്ല, പക്ഷേ സിനിമ തുടങ്ങിയ സമയം തന്നെ ഇതിന്റെ പ്രമേയം എന്നെ വല്ലാതെ സ്പർശിച്ചിരുന്നു.ഇതിനകത്ത് ഒരു സത്യമുണ്ട്. യഥാർഥ കഥയാണ്. സഹനത്തിന്റെ കഥയാണ്. ആരുമില്ലാത്തവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അവർക്കായി രക്തസാക്ഷിത്വം വഹിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ചിത്രം പറയുന്നത്.
സിനിമയുടെ വർക്കെല്ലാം കഴിഞ്ഞ സമയത്ത് ഇതിന്റെ സംവിധായകനോട് യുഎസിലുള്ള ചില സാങ്കേതിക പ്രവർത്തകരാണ് ചിത്രം ഓസ്കറിന് അയക്കണമെന്ന് നിർബന്ധിക്കുന്നത്. ആ അഭിപ്രായത്തിൽ നിന്നാണ് നോമിനേഷന് പോകുന്നത്. കുറേയേറെ പേപ്പർ വർക്കുകൾ ഉണ്ടായിരുന്നു. അവസാനനിമിഷം ചെയ്ത കാരണം കുറേ തെറ്റുകൾ സംഭവിച്ചിരുന്നു. പക്ഷേ അക്കാദമിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. 94 ഗാനങ്ങളാണ് നോമിനേഷൻ പട്ടികയിലുള്ളത്. അതിലെന്റെ മൂന്ന് ഗാനങ്ങളുണ്ട്.
ഒപ്പം ഒറിജിനൽ സ്കോർ വിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഇടം പിടിച്ചിട്ടുണ്ട്. ലോകത്തെ എല്ലാ ഭാഷയിൽ നിന്നുമുള്ള എല്ലാ വിഭാഗത്തിൽ നിന്നുമുള്ള മികച്ച ചിത്രങ്ങളാണ് പട്ടികയിലെത്തുക. അതിൽ ഇടം നേടാനായത് വലിയ നേട്ടമാണ്. നമുക്ക് കിട്ടാക്കനിയായിരുന്ന, അല്ലെങ്കിൽ എത്തിച്ചേരാൻ പറ്റുമോ എന്ന് കരുതിയിരുന്ന ഒന്നിലാണ് നമ്മൾ എത്തിച്ചേർന്നിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ ഉള്ള ഏക ചിത്രവും ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ് ആണ്. അത് അഭിമാനിക്കാവുന്ന കാര്യമാണ്. ചിത്ര ചേച്ചി. ഹരിഹരൻ സർ, കൈലാഷ് ഖേർ തുടങ്ങിയവർ ചിത്രത്തിൽ പാടിയിട്ടുണ്ട്.
View this post on Instagram
ഒപ്പം നിൽക്കുന്ന വലിയ ബഡ്ജറ്റുള്ള വലിയ വലിയ ബാനറിന്റെ ചിത്രങ്ങളാണ്. അവിടെ നമുക്കെന്ത് സ്ഥാനം എന്നായിരുന്നു ആദ്യ ചിന്ത. പക്ഷേ അക്കൂട്ടത്തിലേക്ക് നമ്മുടെ ചിത്രവും ഇടം നേടിയപ്പോൾ എനിക്ക്
തോന്നിയത് സത്യസന്ധമായ പ്രയത്നങ്ങളൊന്നും വെറുതെയാവില്ല എന്നാണ്. ആത്മാർഥമായി ചെയ്തതാണെങ്കിൽ അത് അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. ഇന്ത്യക്കാരായതുകൊണ്ടോ മൂന്നാം ലോക രാഷ്ട്രമായതുകൊണ്ടോ നമ്മൾ പിന്തള്ളപ്പെടില്ല എന്നുള്ളത് ഉറപ്പായ കാര്യമാണ്.” എന്നാണ് മാതൃഭൂമി ഡോട്ട്കോമിനോട് അൽഫോൺസ് പറഞ്ഞത്.
തന്റെ മതത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് ഉയർന്ന്, സാർവത്രികമായ ഏകത്വം തിരിച്ചറിഞ്ഞ്, സ്ത്രീശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച ഒരു സ്ത്രീയുടെ പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ് ചിത്രീകരിക്കുന്നു . അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ അവാർഡ് ജേതാവും സംവിധായകനുമായ മുംബൈയിലെ ഡോ. ഷൈസൺ ഔസേഫിന്റെ സ്വപ്ന സിനിമ കൂടിയാണ് ‘ദി ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്.
പാരീസ് സിനി ഫിയസ്റ്റയിൽ ‘ബെസ്റ്റ് വുമൻസ് ഫിലിം’ പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ്റ് ഫിലിം ഫെസ്റ്റിവലിൽ ‘ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ഫിലിം’ പുരസ്‌കാരവും ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങളാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.
ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് സിനിമയിലൂടെ ഷെയ്സൺ പി ഔസേഫ് പറയുന്നത്. മലയാളം, ഹിന്ദി, സ്‌പാനിഷ് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ ആണ് ചിത്രം നിർമ്മിച്ചത്. ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. പ്രശസ്ത ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അൽഫോൺസ് ജോസഫ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
Read more
സിസ്റ്റർ റാണി മരിയയായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിൻസി അലോഷ്യസ് ആണ് വേഷമിടുന്നത്. ജീത്ത് മത്താറു, സോനലി മൊഹന്തി, പൂനം, സ്നേഹലത, പ്രേംനാഥ് തുടങ്ങീ അന്യഭാഷാ താരങ്ങളും അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്‌ന, ദിവ്യ, മനോഹരിയമ്മ തുടങ്ങീ താരങ്ങളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.