ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട്, തെറ്റുകള്‍ ചെയ്തിട്ടാണ് സിനിമയിലെ ശരികള്‍ പഠിക്കാന്‍ പറ്റിയത്: ഉണ്ണി മുകുന്ദന്‍

സിനിമയില്‍ എത്തിയതിന് ശേഷം അഭിനയം നിര്‍ത്താമെന്ന് തോന്നിയിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍. സെറ്റുകളില്‍ നിന്നുമുണ്ടായ പ്രതിസന്ധികളെ തുടര്‍ന്നാണ് ഇങ്ങനെ തോന്നിപ്പോയത് എന്നാണ് നടന്‍ പറയുന്നത്. ഒരുപാട് പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്, ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട് എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത്.

”സിനിമയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്താം എന്ന് തോന്നിയിരുന്നു. എനിക്കൊപ്പവും അതിനു ശേഷവും സിനിമയിലെത്തിയവരെല്ലാം കേരളത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. അവര്‍ക്ക് ഇവിടെ സൗഹൃദങ്ങളുണ്ട് ബന്ധുക്കളുണ്ട്. സിനിമാ സെറ്റിലും മറ്റുമുണ്ടാവുന്ന പ്രതിസന്ധികള്‍ പറയാന്‍ അവര്‍ക്ക് ഒരുപാട് പേരുണ്ട്.”

”ആദ്യകാലത്ത് എനിക്ക് ആരുമില്ലാത്ത അവസ്ഥയായിരുന്നു. മലയാളം എഴുതാനും വായിക്കാനും പോലും അറിയില്ല. അഭിപ്രായം ചോദിക്കാന്‍, മനസുതുറന്നു സംസാരിക്കാന്‍ ആരുമില്ല. ഒരുപാട് പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്. സിനിമയിലെ ബഹളവും ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട്.”

”എല്ലാം ഉപേക്ഷിച്ച് ഒന്നുമാകാതെ തിരിച്ചു പോകാനും പറ്റില്ല. വല്ലാത്തൊരു കാലം. ലാലുചേട്ടന്റെ (ലാല്‍ജോസ്) വിക്രമാദിത്യനില്‍ എത്തിയപ്പോള്‍ ഞാന്‍ ഈ സിനിമയില്‍ വേണോ എന്ന് എനിക്ക് സംശയം തോന്നി. ലാലുച്ചേട്ടന്‍ ധൈര്യം തന്നുകൊണ്ടിരുന്നു. ആ സിനിമ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് ഒരു നടനായി നില്‍ക്കാനുള്ള യോഗ്യത എനിക്കുണ്ട്.”

”സിനിമയോടുള്ള സ്‌നേഹം സത്യസന്ധമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇവിടെ പിടിച്ചു നിന്നത്. ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടാണ് സിനിമയിലെ പല ശരികളും പഠിക്കാന്‍ പറ്റിയത്. ഇത്തരം അനുഭവങ്ങളാണ് ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ ബില്‍ഡ് ചെയ്തത്.”

”ഒറ്റയ്ക്ക് നില്‍ക്കുന്നവരോട് ദൈവത്തിന് തോന്നുന്ന കാരുണ്യം അക്കാലത്ത് എനിക്കും കിട്ടിയിട്ടുണ്ട്. പ്രശ്നങ്ങളും വിവാദങ്ങളും ബുദ്ധിമുട്ടുകളും എല്ലാമുണ്ടായപ്പോള്‍ ഒറ്റയ്ക്കിരുന്ന് രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചിട്ടുണ്ട്. ദൈവത്തിന് എന്നോടൊരു സഹതാപമുണ്ടെന്ന് തോന്നാറുണ്ട്” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.