ഗ്ലൂക്കോസ് പൊടിയാണ് സിനിമയില്‍, നാട്ടില്‍ ഒറിജിനല്‍ ലഹരിയും.. 'മാര്‍ക്കോ'യുടെ നിരോധനം പിന്തുണയ്ക്കുന്നില്ല: വിഎ ശ്രീകുമാര്‍

പുതുതലമുറയെ വയലന്‍സിലേക്ക് നയിക്കുന്നതില്‍ ലഹരി മാഫിയയാണെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍. ലോകത്ത് വയലന്‍സിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. എന്നാല്‍ അതിനെ നിരോധിച്ച് കുറ്റം ചാര്‍ത്തിയാല്‍ തീരുന്നതല്ല പ്രശ്‌നം. ‘മാര്‍ക്കോ’ സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ ടെലിവിഷന്‍, ഒ.ടി.ടി നിരോധനത്തെ പിന്തുണയ്ക്കുന്നില്ല. സിനിമയിലെ കൊക്കയിന്‍ ഗ്ലൂക്കോസ് പൊടിയാണ്. നാട്ടില്‍ ഉള്ളത് ഒര്‍ജിനലുമാണ് എന്നാണ് വിഎ ശ്രീകുമാര്‍ പറയുന്നത്.

വിഎ ശ്രീകുമാറിന്റെ കുറിപ്പ്:

ജീവിതത്തില്‍ മദ്യമോ സിഗരറ്റോ മറ്റ് ലഹരികളോ ഉപയോഗിക്കാത്ത ഒരാളാണ് ഞാന്‍ എന്ന ആമുഖത്തോടെ പറയട്ടെ സിനിമ അടക്കമുള്ള ആര്‍ട്ടുകള്‍ നല്‍കുന്ന സന്ദേശമാണ് ഇപ്പോള്‍ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സ്വാധീനമുള്ള അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് ആര്‍ട്ട്. നന്മയാണ് ആര്‍ട്ടില്‍ ഏറെയും. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ. സ്വാധീനിച്ചാല്‍ തന്നെ ഉപയോഗിക്കാനുള്ള നിരോധിത ലഹരികള്‍ എങ്ങനെ സ്‌കൂള്‍ കുട്ടികളില്‍ വരെ എത്തുന്നു?

ആ വലിയ വല നെയ്ത് കുട്ടികളെ കുടുക്കുന്ന ആ വിഷ ചിലന്തി ആരാണ്? ആ കണ്ണി മുറിക്കാത്തത് എന്തുകൊണ്ട്? വ്യാപകമായും പ്രബലമായും നിരോധിത മയക്കു മരുന്നുകള്‍ ലഭ്യമാക്കുന്ന വേരല്ലേ അറുക്കേണ്ടത്? GenZ തലമുറയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നത് ശാസ്ത്രീയമല്ല. ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വളര്‍ന്നു പടര്‍ന്നു പന്തലിച്ചു. ആ മാഫിയയുടെ മുന്നിലാണ് നമ്മള്‍ തോല്‍ക്കുന്നത്.

നാര്‍ക്കോട്ടിക് ബിസിനസ് അവസാനിക്കാന്‍ ജനജാഗ്രത വേണം. മാര്‍ക്കോയുടെ സാറ്റലൈറ്റ്, ഒ.ടി.ടി പ്രദര്‍ശനം നിരോധിക്കുന്നതിനെ പിന്തുണക്കുന്നില്ല. ലോകത്ത് വയലന്‍സിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. ഇതിഹാസങ്ങളുണ്ട്. ആര്‍ട്ട് നിരോധിച്ച് കുറ്റം ചാര്‍ത്തിയാല്‍ തീരുന്നതല്ല പ്രശ്‌നം. സിനിമയിലെ കൊക്കയിന്‍ ഗ്ലൂക്കോസ് പൊടിയാണ്. നാട്ടില്‍ ഉള്ളത് ഒര്‍ജിനലും!