കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാർത്തിക് ആര്യൻ തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും, ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറിനെ കുറിച്ചും സംസാരിക്കുകയാണ് വിദ്യ ബാലൻ. വിവാഹം കഴിഞ്ഞ ആദ്യ കാലങ്ങളിൽ ഭർത്താവുമായി ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കിടുമായിരുന്നുവെന്ന് പറയുകയാണ് വിദ്യ ബാലൻ.
“വിവാഹം ചെയ്യേണ്ടെന്ന തീരുമാനത്തിലായിരുന്നു ഞാൻ. സിദ്ധാർത്ഥ് അത് മാറ്റി. ഞാനൊരിക്കലും എന്നെ വിവാഹിതയായി കണ്ടിരുന്നില്ല. വിവാഹത്തിന് ഈ ലെഹങ്ക ധരിക്കണമെന്നോ ഹണിമൂണിന് ഇവിടെയാണ് പോകേണ്ടത് എന്നൊന്നും ഞാൻ പറഞ്ഞിരുന്നില്ല. ഒരിക്കൽ പോലും എനിക്ക് അത്തരം സംഭാഷണങ്ങൾ ഉണ്ടായിട്ടില്ല. സിദ്ധാർത്ഥിനെ കണ്ട് പരസ്പരം അടുത്തപ്പോൾ സ്വാഭാവികമായി അത് അടുത്ത ഘട്ടത്തിലേക്ക് കടന്നു. വിവാഹം ചെയ്തതിൽ സന്തോഷമുണ്ട്.
വിവാഹത്തിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു. വിവാഹ ശേഷം പെൺകുട്ടികൾ ബന്ധനത്തിലാവും. ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഞാൻ കരുതി. വിവാഹം അങ്ങനെയായിരുന്നു അക്കാലത്ത്. ഒരിക്കൽ ഞങ്ങൾ തമ്മിൽ നിസാര വഴക്കുണ്ടായി. ഞാനാണ് തുടങ്ങിയത്. അദ്ദേഹം സൂര്യാസ്തമയത്തിന്റെ ഫോട്ടോ എടുത്തു. പക്ഷെ എന്റെ ഫോട്ടോ എടുത്തില്ല. ഫോട്ടോകൾ എടുക്കാൻ താൽപര്യമില്ലാത്ത ആളാണ് സിദ്ധാർത്ഥ്.
പക്ഷെ എന്റെ ഫോട്ടോയെടുക്കാതെ സൂര്യാസ്തമയത്തിന്റെ ഫോട്ടോ എടുത്തപ്പോൾ ഞാൻ ചോദിച്ചു. ഞാനന്ന് നീഡി ആയിരുന്നു. ഫോട്ടോ കാണിച്ച് ഇത് മനോഹരമാണെന്ന് പറഞ്ഞപ്പോൾ തനിക്ക് കൂടുതൽ ദേഷ്യം വന്നു. ദേഷ്യം വന്നാൽ നടക്കാൻ പോകും. പക്ഷെ ഞാൻ പ്രതികരിക്കും. ഒരിക്കൽ ഒരു പാർട്ടിയിൽ വെച്ച് അദ്ദേഹം കുറച്ചാളുകളുടെ കൂടെ കറങ്ങി. പക്ഷെ എന്നെ ശ്രദ്ധിച്ചില്ല. അതിന്റെ പേരിൽ വഴക്കുണ്ടായിട്ടുണ്ട്.
രണ്ട് പേർക്കും വർക്കുകളുടെ തിരക്കുള്ളത് കാരണം വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ ഒറ്റയ്ക്കുള്ള സമയം കണ്ടെത്താറുണ്ടെന്നും വിദ്യ ബാലൻ പറയുന്നു. വർക്കിൽ ചുറ്റും ഒരുപാട് ആളുകളുണ്ടായിരുന്നതിനാൽ തിരിച്ച് വരുമ്പോൾ എനിക്ക് ഫിസിക്കൽ സ്പേസും വേണം. സിദ്ധാർത്ഥ് ടിവി കാണുകയായിരിക്കും. എനിക്ക് ടിവിയുടെ ശബ്ദം കേൾക്കേണ്ട. ഞാൻ മുറിയിലേക്ക് പോകും. കുറച്ച് നേരം ഒറ്റയ്ക്കിരുന്ന ശേഷം സിദ്ധാർത്ഥിനടുത്ത് വന്ന് സംസാരിക്കുകയോ സിദ്ധാർത്ഥ് എന്റെയടുത്തേക്ക് വരികയോ ചെയ്യും.
ഇപ്പോൾ സ്പേസ് വേണമെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാം. സ്പേസ് വേണമെന്ന് പറയുമ്പോൾ അപ്പുറത്തുള്ളവരെ ഒഴിവാക്കുകയല്ല ചെയ്യുന്നത്. എനിക്ക് ശാന്തയാവാൻ വേണ്ടിയാണ്. ചില ദിവസങ്ങൾ അദ്ദേഹം മറ്റൊരു മുറിയിലേക്ക് പോകും. ഞാനത് പൂർണമായും മനസിലാക്കുന്നുണ്ട്. ഒരു റിലേഷൻഷിപ്പിൽ എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു. എനിക്കൊരു മോശം ദിവസമായിരുന്നു, കുറച്ച് സമയം തരൂ എന്ന് പറഞ്ഞാൽ മതി. അങ്ങനെ പറയുമ്പോൾ പങ്കാളിക്ക് തന്നോടല്ല ദേഷ്യമെന്ന് മനസിലാക്കാൻ പറ്റും.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞത്.