ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തും. ''കുട്ടാ, നീ ഇത്രയേയുള്ളൂ... പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്?: വിജയരാഘവന്‍

ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള വിജയരാഘവന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. സഹനടനായും വില്ലന്‍ വേഷങ്ങളിലും കൂടുതല്‍ തിളങ്ങിയ നടന്‍ നായകനായും അഭിനയിച്ചിരുന്നു. റാംജിറാവു സ്പീക്കിംഗ് പോലുളള ചിത്രങ്ങളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിരുന്നു.

സിനിമയില്‍ ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് നടന്‍ വിജയരാഘവന്‍. അഭിനയം എന്ന കലയെയാണ് താന്‍ സ്നേഹിക്കുന്നതെന്നും വനിതയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. അവനവന്‍ വലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ചാല്‍ ഒരിക്കലും താഴേക്ക് ഇറങ്ങി വരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാല്‍ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാന്‍ പറ്റില്ല. വലിയ സംഭവമല്ലെന്നു ചിന്തിച്ചാല്‍ പിന്നെ, നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം, കള്ളനാകാം, ഭിക്ഷക്കാരനാകാം. എന്തുമാകാം.

എനിക്ക് ആറുമാസമുള്ളപ്പോള്‍ എടുത്ത ഫോട്ടോയാണ് എന്റെ ഫോണില്‍ സ്‌ക്രീന്‍ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണെടുക്കുമ്പോഴും ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തും. ”കുട്ടാ, നീയിത്രയേയുള്ളൂ… പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്?” വിജയരാഘവന്‍ പറഞ്ഞു.