അമ്മയുടെ മരണം തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമായിരുന്നുവെന്ന് നടന്‍ വിജയരാഘവന്‍. അതിന് ശേഷമാണ് താന്‍ ഈശ്വര വിശ്വാസിയായിത്തീര്‍ന്നതെന്നും അദ്ദേഹം ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
അച്ഛന്‍ നിരീശ്വരവാദിയായിരുന്നെങ്കിലും അമ്മ വിശ്വാസിയായിരുന്നു. വിശേഷാവസരങ്ങളില്‍ വിളക്ക് കൊളുത്തുന്നതിനോ അമ്പലത്തില്‍ പോവുന്നതിലോ ഒന്നും അച്ഛന് എതിര്‍പ്പില്ലായിരുന്നുവെന്ന് വിജയരാഘവന്‍ പറയുന്നു.
അച്ഛന്‍ വിശ്വാസിയല്ലായിരുന്നു. വീട്ടില്‍ വിളക്ക് കൊളുത്തലോ നാമം ജപിക്കലോ ഒന്നുമുണ്ടായിരുന്നില്ല. അമ്മയ്ക്ക് അത്യാവശ്യം വിശ്വാസമുണ്ടായിരുന്നു. ഇടയ്ക്ക് അമ്മ അമ്പലത്തിലേക്കൊക്കെ പോവാറുണ്ടായിരുന്നു. എന്തിനാണ് പോവുന്നതെന്ന് ചോദിച്ച് അച്ഛന്‍ ചോദ്യം ചെയ്യാറില്ല.
അമ്മ മരിക്കുന്നത് വരെ എനിക്കും വിശ്വാസമുണ്ടായിരുന്നില്ല. ഒരു പിടിവള്ളി ഇല്ലാതാവുമ്പോഴാണ് ദൈവത്തെ വിളിച്ച് പോവുന്നത്. അമ്മ എന്റെ എല്ലാമായിരുന്നു. രണ്ട് പെണ്‍കുട്ടികളും ഞാനുമായിരുന്നു അമ്മയ്ക്ക്. എന്നോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു. അമ്മ പോയപ്പോള്‍ ആകെ തകര്‍ന്ന് പോയി.
Read more
ആ സമയത്ത് സുഹൃത്തിനൊപ്പം മൂകാംബികയിലേക്ക് പോയിരുന്നു. അവിടെ പോയപ്പോള്‍ എനിക്ക് സമാധാനം കിട്ടി. ഞാന്‍ ദൈവത്തിനെ കണ്ടിട്ടില്ല. ഇതുവരെ കണ്ടിട്ടില്ല. എന്നിലൊരു ഭീരുത്വമുണ്ടെന്ന് എനിക്ക് മനസിലായി. ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവം എന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ ഭീരുവല്ലന്നാണ് അച്ഛന്‍ പറയാറുള്ളത്. അമ്മയുടെ മരണ ശേഷം ഞാനും ചാരി, എനിക്ക് വേറെ എവിടെയും ചാരാനുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു.