'എനിക്കറിയാമായിരുന്നു ഞാനൊരു ദിവസം കര്‍ണന്‍ ചെയ്യുമെന്ന്'

“എനിക്കറിയാമായിരുന്നു ഞാനൊരു ദിവസം കര്‍ണന്‍ ചെയ്യുമെന്ന്” ഇടതുകൈയിലുള്ള ടാറ്റുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിക്രം തമാശയായി നല്‍കിയ മറുപടിയാണിത്. സൂര്യന്റെ ടാറ്റുവാണ് വിക്രം കൈയില്‍ കുത്തിയിരിക്കുന്നത്.

“ആള്‍ക്കാര്‍ എന്നോട് ഏതു തരം കഥാപാത്രം ചെയ്യാനാണ് താല്‍പര്യമെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ടായിരുന്നു, ചരിത്രപരമായ കഥാപാത്രങ്ങളെന്ന്. അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്താണ് കൈയില്‍ സൂര്യനെ പിടിച്ചുകെട്ടിയത്. ഇത് ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തതാണ്.

മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് കര്‍ണന്‍. ആ കഥ ആര്‍.എസ്. വിമല്‍ എഴുതിയിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. എല്ലാവര്‍ക്കും അറിയാവുന്ന കഥയാണ് മഹാഭാരതം എന്നത്. എന്നാല്‍, വിമല്‍ അത് പ്രസന്റ് ചെയ്യുന്നത് വ്യത്യസ്തമായൊരു രീതിയിലാണ്” – വിക്രം പറഞ്ഞു.

സ്‌കെച്ച് പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം. ഒരു വിമാനയാത്രയില്‍ സച്ചിന്‍ തന്നെ തിരിച്ചറിയാതിരുന്ന രസകരമായ കഥയും വിക്രം പറഞ്ഞു.

സച്ചിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഞാന്‍ വിക്രം, ഞാനും ഒരു ചെറിയ സെലബ്രിറ്റിയാണ്, ഇന്ത്യയില്‍ ഒട്ടുമിക്ക ആളുകള്‍ക്കും എന്നെ അറിയാം. അമിതാഭ്, ഷാരുഖ്, അഭിഷേക് … അങ്ങനെ എല്ലാവര്‍ക്കും…ഇതൊന്ന് താങ്കളുടെ അടുത്ത് പറയണമെന്നുണ്ടായിരുന്നു, അതിന് വന്നതാണ്. പോകാന്‍ തുടങ്ങിയപ്പോള്‍ സച്ചിന്‍ വിളിച്ചിട്ട് കൂടുതല്‍ വിശേഷങ്ങള്‍ ചോദിച്ചു…കുട്ടികളെക്കുറിച്ച് ജീവിതത്തെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു” വിക്രം പറഞ്ഞു.

സ്‌കെച്ചും ധ്രുവനച്ചിത്രവും ഒരേ ഷെഡ്യൂളിലായിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ഈ ലുക്കിന് വേണ്ടി ഓരോ ദിവസവും മുടി കളര്‍ ചെയ്യുമായിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ അതിനായി മാത്രം ചെലവഴിക്കാറുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളും വിക്രം പറഞ്ഞു.

Read more