ആദ്യ ടേക്ക് ഓക്കെ ആയിരുന്നു, രണ്ടാമത് എടുത്തപ്പോൾ പട്ടി കയ്യിൽ കടിച്ചു; മുരളി ചേട്ടൻ ഒരുപാട് വഴക്ക് പറഞ്ഞു; ദേവദൂതൻ അനുഭവം പങ്കുവെച്ച് വിനീത് കുമാർ

ദേവദൂതൻ റീ റിലീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക പ്രശംസ നേടാതെ പരാജയപ്പെട്ടുപോയ സിനിമ ഇന്ന് വീണ്ടും പ്രേക്ഷകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

സിബി മലയിൽ തന്റെ ആദ്യ ചിത്രമായി ചെയ്യാൻ തീരുമാനിക്കുകയും പത്മരാജനെ കൊണ്ട് തിരക്കഥയെഴുതിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്ത് ദേവദൂതന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് രഘുനാഥ് പാലേരിയാണ്. സംഗീതത്തിന് ഏറെ പ്രധാനയമുള്ള ചിത്രത്തിലെ വിദ്യാസാഗറിന്റെ ഗാനങ്ങളും എവർഗ്രീൻ ഹിറ്റുകളാണ്.

ചിത്രത്തിൽ മഹേശ്വർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിനീത് കുമാർ ആണ്. ചെറിയ ചില വേഷങ്ങളിലൂടെ സിനിമയിലുണ്ടായിരുന്ന വിനീത് കുമാറിന് ദേവദൂതനിലെ കഥാപാത്രം കരിയറിൽ ഒരു ബ്രേക്ക് ത്രൂ നൽകിയിരുന്നു. ഇന്നും മഹേശ്വർ ആയി വിനീത് കുമാറിനെ ആളുകൾ കാണുന്നുണ്ട്. ഇപ്പോഴിതാ ദേവദൂതൻ റീ റിലീസിന് ശേഷം ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് വിനീത് കുമാർ. ചിത്രത്തിലെ പട്ടികളുമായുള്ള രംഗത്തിൽ കൈക്ക് കടിയേറ്റെന്നും, മുരളി ചേട്ടൻ അതിന്റെ പേരിൽ ഒരുപാട് വഴക്ക് പറഞ്ഞുവെന്നും വിനീത് കുമാർ പറയുന്നു.

“പട്ടികൾ കടിയ്ക്കുന്ന രംഗം ഷൂട്ട് ചെയ്ത ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. ഒരു സോങ് ഷൂട്ട് ഉണ്ടെന്നാണ് എന്നോടു പറഞ്ഞിരുന്നത്. ആ ധാരണയിലാണ് ഞാൻ തയാറായി പോകുന്നത്. അവിടെ എത്തിയപ്പോൾ പട്ടികൾ റെഡിയായി നിൽക്കുന്നു. ഡ്യൂപ്പ് ഉണ്ടായിരുന്നു. പക്ഷേ, മേജർ സീക്വൻസ് ഞാൻ തന്നെയാണ് ചെയ്തത്. സിനിമ എന്നു പറയുമ്പോൾ ഉണ്ടാകുന്ന ഒരു എനർജിയും ധൈര്യവും ഇല്ലേ! അതിന്റെ പുറത്താണ് ഇത്തരം രംഗങ്ങൾ ചെയ്യുന്നത്. സത്യത്തിൽ ആ സമയത്ത് എനിക്ക് പട്ടികളെ ശരിക്കും പേടിയാണ്. ഫസ്റ്റ് ടേക്ക് ഓകെ ആയിരുന്നു. പക്ഷേ, ആ സമയത്ത് ഫ്രെയിമിൽ ആരോ കേറി വന്നു. അതുകൊണ്ട് രണ്ടാമതും അത് എടുക്കേണ്ടി വന്നു. രണ്ടാമത് എടുത്തപ്പോൾ പട്ടി കയ്യിൽ കടിച്ചു. പിന്നെ, ഇൻജക്ഷൻ ഒക്കെ എടുക്കേണ്ടി വന്നു.

പട്ടികളുമായുള്ള സീൻ ഷൂട്ട് ചെയ്തതിനു അടുത്ത ദിവസം മുരളി ചേട്ടനെ കണ്ടു. അദ്ദേഹം ആ സീനിനെക്കുറിച്ച് നല്ലതു പറയുമെന്ന് ഞാൻ കരുതി. പക്ഷേ, അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. “നീയാരാണ്? ജയനാണോ? ആ പട്ടി ഏതെങ്കിലും ഒരെണ്ണം നിന്റെ മുഖത്തു കടിച്ചിരുന്നെങ്കിലോ? പിന്നെ നീയെങ്ങനെ അഭിനയിക്കും? പിന്നെ എന്താണ് നിന്റെ ഭാവി? അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?” എന്നൊക്കെ പറഞ്ഞ് എന്നോടു ചൂടായി. ഒരു ചേട്ടനെപ്പോലെ എന്നെ വഴക്കു പറയാൻ സ്വാതന്ത്യമുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. അങ്ങനെ ചില സംഭവങ്ങൾ ദേവദൂതനുമായി ബന്ധപ്പെട്ട് ഉണ്ടായി. ”  എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വിനീത് കുമാർ പറഞ്ഞത്.

4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തിയിരിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.
കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്.