പിറന്നാൾ ദിനത്തിൽ ആരാധകർ തിരഞ്ഞത് ആമിർ ഖാന്റെ കാമുകിയെ; ആരാണ് 6 വയസുകാരന്റെ അമ്മ കൂടിയായ ഗൗരി സ്പ്രാറ്റ്?

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. ഇന്ന് 60-ാം പിറന്നാള്‍ ആഘോഷിക്കെ, നടൻ പരിചയപ്പെടുത്തിയ കാമുകി ആരാണെന്നും ആരാധകർ ഒരു ഭാഗത്ത് തിരയുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന ഒരു മീറ്റ് ആൻഡ് ഗ്രീറ്റിൽ വെച്ചാണ് ആമിർ മാധ്യമങ്ങളെ കണ്ടത്. ഇവിടെ വെച്ചാണ് തന്റെ തന്റെ കാമുകിയെ പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. രണ്ടാം ഭാര്യ കിരൺ റാവുവുമായുള്ള വിവാഹബന്ധം ഈ അടുത്താണ് അവസാനിപ്പിച്ചത്. ഇതിനിടെയാണ് താരം തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. ബാംഗ്ലൂര്‍ സ്വദേശിയായ ഗൗരി സ്പ്രാറ്റ് ആണ് ആമിര്‍ ഖാന്റെ കാമുകി. തന്റെ ജീവിതം സ്വകാര്യമായി വെക്കാനിഷ്ടപ്പെടുന്ന വ്യക്തിയായതിനാൽ ആമിര്‍ ഖാന്‍ കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തു വിടരുതെന്ന് പാപ്പരാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

നേരത്തെ വിവാഹിതയായിരുന്ന ഗൗരിക്ക് ആറ് വയസുള്ള മകനുണ്ട്. നിലവില്‍ ആമിര്‍ ഖാന്റെ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ് ഗൗരിയെന്നാണ് റിപോർട്ടുകൾ. അതേസമയം ഗൗരിയും ആമിര്‍ ഖാനും 25 വര്‍ഷമായി സുഹൃത്തുക്കളാണെന്നും പറയപ്പെടുന്നു.

അതേസമയം, ആദ്യ ഭാര്യ റീന ദത്തയുമായുള്ള ഡിവോഴ്‌സിന് ശേഷമാണ് ആമിര്‍ 2005ല്‍ രണ്ടാം ഭാര്യ ആയിരുന്ന കിരണിനെ വിവാഹം ചെയ്യുന്നത്. ‘ലഗാന്‍’ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലഗാനില്‍ സംവിധായകന്‍ അശുതോഷ് ഗൊവാരികറിന്റെ അസിസ്റ്റന്റ് ആയിരുന്നു കിരണ്‍ റാവു.