കോടികളുടെ സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നടി ഗൗതമി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. തന്റെ പേരിലുള്ള കോടികൾ വില വരുന്ന സ്വത്ത് വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തതായാണ് ഗൗതമി പരാതി നൽകിയത്. ആറുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്.
ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ പരാതി നല്‍കിയിരുന്നു.വ്യാഴാഴ്ചയാണ് പൊലീസ് കേസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം പോലീസ് അവരിൽനിന്ന് മൊഴിയെടുത്തു.
തന്റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്ക്കാൻ ശ്രമിച്ചത്. അതിനായാണ് അഴകപ്പൻ എന്ന കെട്ടിട നിർമ്മാതാവുമായി ധാരണയിലെത്തിയത്. അവർക്ക് നൽകിയ പവർ ഓഫ് അറ്റോർണിയും വ്യാജ രേഖകളും തന്റെ ഒപ്പും ഉപയോഗിച്ച് അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തിരിക്കുകയാണെന്ന് ഗൗതമി ആരോപിക്കുന്നു. ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗൗതമി പറയുന്നു.
തട്ടിപ്പ് നടത്തിയതിനു ശേഷം അഴകപ്പന്‍ രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെ തന്നെയും മകള്‍ സുബ്ബുലക്ഷ്മിയെയും ഭീഷണിപ്പെടുത്തുകയാണെന്നും വധഭീഷണിയടക്കം ലഭിക്കുന്നുണ്ടെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.നഷ്ടപ്പെട്ട ഭൂമി തിരികെ വാങ്ങിനല്‍കാന്‍ പൊലീസ് ഇടപെടണമെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നുമാണ് ഗൗതമി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read more
ഈ വിഷയത്തിൽ പിന്തുണ ലഭിക്കാത്തതിനാലാണ് 20 വര്‍ഷമായി അംഗമായ ബിജെപിയില്‍ നിന്നും പിന്മാറിയതെന്ന് ഗൗതമി അറിയിച്ചിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും സിനിമയിൽ സജീവമായിരുന്ന ഗൗതമി തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന്റെ മുന്‍ പങ്കാളിയായിരുന്ന ഇവർ കാന്‍സര്‍ സര്‍വൈവറുമാണ്.