നമ്പു നാരായണന്‍, സിനിമാ പാരഡീസോ ക്ലബ്
കാലാപാനി വന്‍ പ്രതീക്ഷയോടെ ഹൈ ബഡ്ജറ്റില്‍ എത്തിയ പടമാണ്. അമിതാഭ് ബച്ചനാണ് ചിത്രത്തിന്റെ വിതരണം എടുത്തത്. 1996 വിഷു റിലീസ് ആയിരുന്നു ചിത്രം.
1995 വിഷുവിനു “സ്പടികം” എന്ന സിനിമയുടെ വന്‍ വിജയം ഈ വിഷുവിനും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പ്രിയദര്‍ശന്റെ രണ്ടുവര്‍ഷത്തെ പ്രയത്‌നം. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം എത്തുന്ന പ്രിയന്‍-മോഹന്‍ലാല്‍ സിനിമ. അണിയറയില്‍ അമിതാഭ് ബച്ചന്‍, ഇളയരാജ, പ്രഭു. സന്തോഷ് ശിവന്റെ ഛായാഗ്രഹണം, ദാമോദരന്‍ മാഷിന്റെ തിരക്കഥ, മോഹന്‍ലാലിന്റെ നിര്‍മാണം, അങ്ങനെ വലിയ പേരുകള്‍.
എന്നിട്ടും സിനിമ പരാജയമായി.
അതിനു കാരണമായ ചിലതു ഇവിടെ പങ്കുവെക്കുകയാണ്.
1. കാലാപാനിയിലെ വയലന്‍സുകള്‍ അന്നത്തെ ആള്‍ക്കാര്‍ക്ക് ദഹിക്കാനാകുമായിരുന്നില്ല. ക്രൂരമായ സീനുകള്‍ കുറെയുണ്ടായിരുന്നു. അതാണ് ചിത്രത്തിന്റെ പരാജയമായി എടുത്തുകാണിക്കപ്പെട്ടതു. കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ പാടെ തള്ളി.
2. കലാപാനിയുടെ ഒപ്പം തന്നെ ഇറങ്ങിയ മമ്മൂട്ടി ചിത്രം വന്‍ സ്വീകാര്യത നേടി ആ കൊല്ലത്തെ ബ്ലോക്ക്ബസ്റ്റര്‍ ആയി. സിദ്ദിഖിന്റെ തമാശ കലര്‍ന്ന രചനയില്‍, മാധവന്‍കുട്ടി ആയി മമ്മൂട്ടി നിറഞ്ഞാടിയ സിനിമ കുടുംബപ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചു. ആ ചിത്രത്തിന്റെ പേര് – “ഹിറ്റ്‌ലര്‍”.
3. കലാപാനിയുടെ കൂടെ തീയേറ്ററുകളില്‍ ഉണ്ടായിരുന്ന ഒരു ചിത്രം സ്ലീപ്പര്‍ ഹിറ്റ് ആയിമാറി. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ എത്തിയ ഈ ചിത്രം കുടുംബ പ്രേക്ഷകരെ സ്വാധീനിച്ചു. ജോണ്‍സന്‍ മാസ്റ്ററുടെ മാസ്മര സംഗീതവും, അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും ലോഹിതദാസിന്റെ ഹൃദയഹാരിയായ രചനയും കൂടി ചേര്‍ന്നപ്പോള്‍ സിനിമയും സൂപ്പര്‍ഹിറ് ആയി. ആ ചിത്രത്തിന്റെ പേര് – “സല്ലാപം”
4. കലാപാനിയുടെ ബഡ്ജറ്റ് അന്നത്തെ കാലത്തിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 450 തീയറ്ററുകളില്‍ റിലീസ് ചെയ്ത കാലാപാനി നിരൂപക പ്രശംസ ഏറ്റ്വാങ്ങിയെങ്കിലും പ്രേക്ഷപപ്രീതി നേടുന്നതില്‍ പരാജയമായി.
5. ഇളയരാജയുടെ സംഗീതവും ബീജിയം സ്‌കോറും കൊണ്ടു മിന്നിനിന്ന പടത്തിന്റെ ഡ്യുറേഷന്‍ മൂന്നു മണിക്കൂറായിരുന്നു. സിനിമയുടെ യഥാര്‍ത്ഥ പ്ലോട്ടിലേക്ക് എത്തിച്ചേരാന്‍ അല്‍പ്പം സമയമെടുത്തുപോയി എന്നതാണ് കേട്ട മറ്റൊരു ആരോപണം. സിനിമയുടെ സംഗീതം ആദ്യം ഏ.ആര്‍ റഹ്മാന്‍ ആയിരുന്നു ചെയ്യാനിരുന്നത്. ചില കാരണങ്ങള്‍ മൂലം ഒഴിഞ്ഞുപോവുകയായിരുന്നു.
6. ആ വിഷുകാലത്ത് കാലാപാനിയോടൊപ്പം റിലീസ് ആയ മറ്റൊരു ചിത്രവും വന്നു. ജയറാം ആ കാലത്തേ കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണി ആയിരുന്നു. ജയറാം – രാജസേനന്‍ അന്നത്തെ ഹിറ്റ് ജോഡിയും. സ്വാഭാവികമായും ആ സിനിമയ്ക്കു നല്ല ഇനിഷ്യല്‍ ലഭിക്കുകയും ചെയ്തു. വലിയൊരു വിജയമായില്ലെങ്കില്‍ പോലും ആ സിനിമ കുടുംബപ്രേക്ഷകരുടെ സ്വീകാര്യതയില്‍ സാമാന്യ വിജയം നേടി എന്നതും കലാപാനിക്ക് തിരിച്ചടിയായി.
ആ ചിത്രത്തിന്റെ പേര് – “സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍”
7. സിനിമയുടെ പോസ്റ്ററുകളില്‍ മോഹന്‍ലാല്‍ അമ്പറീഷ് പുരിയുടെ ഷൂസ് നക്കുന്ന സീനൊക്കെ ഉള്‍പ്പെടുത്തിയിരുന്നു. സിനിമ എന്തോ ഒത്തിരി വയലന്‍സുള്ള പടമാണെന്ന് ഒരു ധാരണ അതുണ്ടാക്കി എന്നുതോന്നുന്നു.
8. കുട്ടികളോടൊപ്പം കാണാന്‍ സാധിക്കാത്ത സിനിമയാണ് എന്നൊരു പ്രചാരണം സിനിമയിറങ്ങിയപ്പോള്‍ പരന്നിരുന്നു.
9. പ്രതീക്ഷയും, ബഡ്ജറ്റും, അതുപോലെ സിനിമയുടെ അവസാനം മോഹന്‍ലാല്‍ തൂക്കിലേറ്റപ്പെടുന്നതും ഒക്കെ കാരണങ്ങളാണ്. അതുപോലെ ആ കാലത്തു മോഹന്‍ലാലിന് തൊണ്ടയില്‍ കാന്‍സര്‍ ആണെന്നും, ശബ്ദം പോയെന്നുമൊക്കെയുള്ള കുപ്രചരണങ്ങള്‍ ഒക്കെയുണ്ടാവുകയും ചെയ്തു.
10. കാലാപാനിക്ക് ആ കൊല്ലത്തെ കേരളം സംസ്ഥാന പുരസ്‌കാര സമിതിയില്‍ നിന്നും തിരിച്ചടി കിട്ടി. മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. അന്ന് ജൂറിയിലുണ്ടായിരുന്ന നടി “സീമാ ശശി” പറഞ്ഞത് ജൂറി ചെയര്‍മാന്‍ വി.ആര്‍. ഗോപിനാഥിന്റെ കടുംപിടുത്തം ഒന്നുകൊണ്ട് മാത്രമാണ് ബാക്കിയെല്ലാവരും അംഗീകരിച്ച കലാപാനിയെ മാറ്റി “കഴകം” എന്ന സിനിമ മികച്ച ചിത്രമായത്. അന്ന് നിലനിന്നിരുന്ന സോ-കോള്‍ഡ് “പാരലല്‍ സിനിമയുടെ” വക്താവായിരുന്നു അദ്ദേഹം.
തീര്‍ച്ചയായും കാലാപാനി മലയാളം സിനിമയുടെ അഭിമാനമുയര്‍ത്തുന്ന ചിത്രമാണ്. കോപ്പിയടി സംവിധായകന്‍ എന്ന് തന്നെ വിളിച്ചവരെയൊക്കെ “കണ്ടം വഴി ഓടിപ്പിച്ച” പ്രിയദര്‍ശന്റെ അപാര ക്രാഫ്റ്റ് വര്‍ക്ക്. പക്ഷെ അന്നത്തെ പ്രേക്ഷകരെ കുറ്റം പറയാനാകില്ല, അന്നൊക്കെ കുടുംബമായി സിനിമക്ക് പോവുക എന്ന കോണ്‍സെപ്‌റ് ആയിരുന്നു കൂടുതല്‍. അതിനാല്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്ന ചിത്രങ്ങളും അത്തരത്തില്‍ ആയിരുന്നു.
വാല്‍കഷ്ണം: ഞാനിപ്പോളും ഓര്‍ക്കുന്നുണ്ട്. അന്നൊക്കെ വീട്ടില്‍നിന്നും ഓണം, വിഷു, ക്രിസ്തുമസ്, പിന്നെ നാട്ടില്‍ പോകുന്ന വേനലവധിക്കും- ഈ സമയങ്ങളിലെ തീയറ്ററില്‍ പോയി സിനിമ കാണുന്ന പരിപാടിയൊള്ളു.
അതുകൊണ്ടുതന്നെ ഏതു സിനിമ കാണണം എന്നൊക്കെ ഒരുപാട് ആലോചിച്ചിട്ടേ പോകാറുള്ളൂ. അന്ന് റിവ്യൂ ഒന്നുമില്ലല്ലോ. അങ്ങനെ ഒരുപാട് ആലോചിച്ചു ആ കാലത്തേ വിഷുവിനു ഞങ്ങളൊരു സിനിമക്ക് പോയി. കാലാപാനിയും, ഹിറ്റ്‌ലറും, സല്ലാപവും, സ്വപ്നലോകത്തെ ബാലഭാസ്‌കരനും, ഒക്കെ ഒഴിവാക്കിയാണ് അന്ന് ഞങ്ങള്‍ ഈ ചിത്രത്തിന് പോയത്.
കോഴിക്കോട് ബ്ലൂഡയമണ്ടിലാണോ കൈരളിയിലാണോ എന്ന് ഓര്‍ക്കാനാകുന്നില്ല. “ഭരതന്‍” എന്ന സംവിധായകനോടുള്ള ഇഷ്ടവും, അരവിന്ദ്‌സ്വാമി -ശ്രീദേവി എന്നിവരോടുള്ള പ്രതീക്ഷയും ഒക്കെ ആയിരിക്കണം അന്ന് എല്ലാവരും ആ സിനിമ കാണാന്‍ കാരണം. എന്തായാലും അതൊരു വന്‍ ദുരന്തം ആയിപോയി. ഇപ്പോളും ആ സിനിമ സ്‌ക്രീനില്‍ കണ്ടു ബോറടിച്ചത് ഞാനോര്‍ക്കുന്നുണ്ട്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു “അടപടലം” ആയിരുന്നു. ആ ചിത്രത്തിന്റെ പേര് – “ദേവരാഗം”..????
Read more
കടപ്പാട് നാരായണന്‍ നമ്പു
സിനിമാ പാരഡീസോ ക്ലബ്