മുഖ്യമന്ത്രിയെ അവഗണിച്ചുവെന്ന സൈബര്‍ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു; 50 ക്ലബ്ബിലേക്ക് കുതിച്ച് '2018', കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിന്റെ സേവനങ്ങളെയും അവഗണിച്ചു എന്ന വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ബോക്‌സോഫീസില്‍ ഗംഭീര കുതിപ്പുമായി ‘2018’ ചിത്രം. മെയ് 5ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏഴ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

കേരളത്തില്‍ മാത്രമല്ല, ഓസ്‌ട്രേലിയ, യുകെ, ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം ഗംഭീര പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ഇന്നലെ മാത്രം 3.98 കോടി രൂപയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്നും മാത്രം ഇതുവരെ 21.14 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.


2016ല്‍ പുലിമുരുകന്‍ ബോക്സോഫീസില്‍ ഉണ്ടാക്കിയ അതേ ചലനമാണ് 2018 സിനിമയും ഉണ്ടാക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയേറ്റര്‍ ഉടമകളും. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സോഫിസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രമുഖര്‍ അടക്കം പലരും ചിത്രത്തെ പ്രശംസിച്ച് എത്തുമ്പോള്‍ വിമര്‍ശനങ്ങളും സിനിമയ്‌ക്കെതിരെ ഉയരുന്നുണ്ട്. സര്‍ക്കാറിന്റെ സേവനങ്ങളെ ചിത്രത്തില്‍ പരാമര്‍ശിച്ചില്ലെന്നും മുഖ്യമന്ത്രിയെ സിനിമയില്‍ കരുത്തുറ്റ കഥാപാത്രമായി കാണിച്ചില്ലെന്നുമുള്ള വിമര്‍ശനങ്ങളാണ് എത്തുന്നത്.

Read more

സിനിമയ്‌ക്കെതിരെ ദേശാഭിമാനി മുഖപത്രം എത്തിയിരുന്നു. പി.എസ് ശ്രീകല അടക്കം പലരും സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് 2018 എവരിവണ്‍ ഈസ് എ ഹീറോ സിനിമ ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നത്.