രണ്ട് ദിവസത്തിനുള്ളില്‍ 50 ലക്ഷം കാഴ്ചക്കാര്‍; തരംഗമായി 'ദേവദൂതര്‍ പാടി'

80കളുടെ ഹരമായ നിത്യഹരിത ഗാനം ‘ദേവദൂതര്‍ പാടി’ വീണ്ടും വെള്ളിത്തിരയില്‍ അവതരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ പുത്തന്‍ തരംഗം സൃഷ്ടിക്കുന്നു. രണ്ട് ദിവസം പിന്നിടുമ്പോള്‍ തന്നെ അന്‍പത് ലക്ഷം കാഴ്ചക്കാരുമായി ചരിത്രം രചിക്കുന്നു. പാട്ടിനൊപ്പം തന്നെ കുഞ്ചാക്കോ ബോബന്റെ നൃത്ത ചുവടുകളും ഇന്‍സ്റ്റാഗ്രാം റീല്‍സും ടിക് ടോക്കും ഒക്കെയായി കേരളത്തിലും പ്രവാസി മലയാളികള്‍ക്കുമിടയിലായി വലിയ ആരാധകവലയമാണ് പ്രായഭേദമന്യേ സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. 1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതന്‍ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണ് വീണ്ടും സ്‌ക്രീനുകളില്‍ എത്തുന്നത്. ശ്രീ. ഓ. എന്‍. വി. കുറുപ്പ് രചിച്ച യഥാര്‍ത്ഥ ഗാനത്തിന് ഈണം നല്‍കിയത് ഔസേപ്പച്ചന്‍ ആണ്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ നേടിയ ഗംഭീര വിജയത്തോടെയാണ് ഔസേപ്പച്ചന്‍ താരപദവിയിലേക്ക് ഉയര്‍ന്നത് തന്നെ. സിനിമാ സംഗീതരംഗത്ത് നിന്ന് തന്നെ നിരവധി താരങ്ങള്‍ ആണ് ആവേശം പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് ഈ ഗാനം പുനരവതരിപ്പിക്കപ്പെട്ടത്. ജാക്‌സണ്‍ അര്‍ജ്ജുവയാണ് ഈ ഗാനം പുനര്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. യേശുദാസ് പാടിയ ഒറിജിനല്‍ പതിപ്പിന്റെ സ്ഥാനത്ത് പുതിയ പതിപ്പ് പാടിയിരിക്കുന്നത് ബിജു നാരായണന്‍ ആണ്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇതിനോടകം തന്നെ ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ആലപിച്ച ‘ആടലോടകം’, ഈ ചിത്രത്തിലെ തന്നെ വളരെയധികം ജനശ്രദ്ധ നേടിയ ഗാനം ആണ്.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്. ചിത്രം ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തും. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ‘സൂപ്പര്‍ ഡീലക്‌സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ചാക്കോച്ചന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തുന്നു ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വേറിട്ട ടീസറും പോസ്റ്ററുകളും പോലും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആറ് മാസത്തോളം നീണ്ടുനിന്ന പ്രീ-പ്രൊഡക്ഷന്‍ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവര്‍ത്തകരും നിര്‍മ്മാതാക്കളും നടത്തിയത്. കാസര്‍ഗോഡന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ചിത്രത്തിനായി വന്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരന്മാരെ ഈ പ്രദേശങ്ങളില്‍ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരന്‍മാരെ വെച്ച് മാത്രം യഥാര്‍ത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പേ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകള്‍ ഉപയോഗിച്ചിരുന്നു.

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേര്‍ണി ഫെയിം). എഡിറ്റിംങ്: മനോജ് കണ്ണോത്ത്. ഗാനരചന: വൈശാഖ് സുഗുണന്‍. സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍. സൗണ്ട് മിക്‌സിംഗ്: വിപിന്‍ നായര്‍. സ്റ്റില്‍സ്: ഷാലു പേയാട്. കലാസംവിധാനം: ജോതിഷ് ശങ്കര്‍. വസ്ത്രാലങ്കാരം: മെല്‍വി. മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി. ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി. കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍. ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി തമ്പി. പരസ്യകല: ഓള്‍ഡ് മങ്ക്‌സ്. പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Read more