വീട്ടുകാർക്ക് ഒരു പ്രശ്‌നമായി വേണ്ടെന്നുവെച്ച നായയാണ് എന്റെ സിനിമയിലെ പ്രധാന താരം; കിരൺ രാജ്

വീട്ടുകാർ വേണ്ടെന്നുവെച്ച നായയാണ് 777 ചാർലി എന്ന എന്റെ സിനിമയിലെ പ്രധാന കഥാപാത്രമെന്ന് സംവിധായകൻ കിരൺ രാജ്. തിരക്കഥയനുസരിച്ച് ചാർലിയേക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നു. അവളുടെ കണ്ണുകൾ എക്‌സ്പ്രസ്സീവ് ആവണം, നിറം, ലാബ്രഡോർ ബ്രീഡ് തുടങ്ങിയവയായിരുന്നു അത്. അന്വേഷണത്തിനിടയിൽ ഒരുപാട് ചിത്രങ്ങളും വീഡിയോകളും ഒക്കെ കിട്ടുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും ഓകെ ആയിരുന്നില്ല. അവസാനം ഒരു സുഹൃത്ത് വഴിയാണ് ചാർലിയിലെത്തുന്നത്.

അദ്ദേഹത്തിന്റെ പരിചയത്തിലൊരാൾ ഒരു നായ്ക്കുട്ടിയെ വാങ്ങിച്ചിരുന്നു. പക്ഷേ ആൾ വീടൊക്കെ നാശമാക്കി വെച്ചിരിക്കുകയാണ്. ഇതിനെ താങ്ങാൻ പറ്റുന്നില്ല. വാങ്ങാൻ ആരെങ്കിലുമുണ്ടെങ്കിൽ കൊടുക്കാൻ തയ്യാറാണെന്നാണ് സുഹൃത്ത് പറഞ്ഞത്. മനസിൽ കണ്ടതുപോലെ ഒന്നാണോ എന്ന് നോക്കാനാണ് ആദ്യം വിചാരിച്ചത്. നായയുമായി ഉടമസ്ഥൻ വന്നപ്പോൾ ആദ്യ കാഴ്ചയിൽത്തന്നെ എന്റെ മനസിലുണ്ടായിരുന്ന ആ ചാർലിയാണ് അവിടെ വന്നത്.

ഒരു പ്രശ്‌നമായി അവർ വേണ്ട എന്നുവെച്ച നായയാണ് എന്റെ സിനിമയുടെ പ്രധാന താരമായി മാറിയത്.മൂന്നു വർഷമെടുത്തു സിനിമ പൂർത്തിയാവാൻ. ഒരു നടനെയോ നടിയേയോ വെച്ച് ചിത്രീകരിക്കുന്നതിനേക്കാൾ അധികം ബുദ്ധിമുട്ടാണ് നായയുമെത്തുള്ള ചിത്രീകരണത്തിന്. ചാർലിയുള്ള ഒരേയൊരു ഷോട്ട് മാത്രം എടുത്ത ദിവസങ്ങളുണ്ട്. ഏകദേശം രണ്ടര വർഷമാണ് ചാർലിയുടെ ട്രെയിനിങ്ങിനെടുത്തതെന്നും കിരൺ പറഞ്ഞു.

ഒരുപാട് നിർദേശങ്ങൾ ഒരേസമയം നായയുടെ മനസിൽ നിൽക്കില്ല. അതുകൊണ്ട് കമാൻഡുകൾ പരിശീലിപ്പിക്കും. അതനുസരിച്ചുള്ള രംഗമെടുക്കും. വീണ്ടും അടുത്ത കമാൻഡ് പരിശിലീപ്പിച്ചും ഒക്കെയാണ്, ഷൂട്ട് ചെയ്യ്തത്. കൂടാതെ ഒരു വർഷത്തോളം ചാർലിക്കൊപ്പം രക്ഷിതിനും പരിശീലനമുണ്ടായിരുന്നു. പിന്നെ ലോക്ക്ഡൗൺ സമയം രക്ഷിതിന് ഗെറ്റപ്പ് വ്യത്യാസപ്പെടുത്താനും ചാർലിയെ കൂടുതൽ പരിശിലിപ്പിക്കാനും ആവശ്യത്തിന് സമയംകിട്ടുകയും ചെയ്യ്തു