“വാരിയംകുന്നന്‍” സിനിമ പ്രഖ്യാപിച്ചതോടെ സൈബര്‍ ആക്രമണങ്ങളാണ് നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും നേരെ നടക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നാണ് ആഷിഖ് അബു വ്യക്തമാക്കുന്നത്. സംവിധായകന്‍ അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയാണിതെന്നും വലിയ സിനിമയായതിനാല്‍ തന്നെ സമീപിക്കുകയായിരുന്നു എന്ന് ആഷിഖ് അബു മനോരമയോട് പറഞ്ഞു.
ആഷിഖ് അബുവിന്റെ വാക്കുകള്‍:
പ്രതിഷേധം പ്രതീക്ഷിച്ചതാണ്. വളരെ ആസൂത്രിതമായിത്തന്നെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ചരിത്രം മലബാര്‍ വിപ്ലവത്തിനുണ്ട്. സ്വാഭാവികമായും ഈ കാലഘട്ടത്തില്‍ അത് ചര്‍ച്ചയായി അല്ലെങ്കില്‍ സിനിമയായി വരുമ്പോള്‍ ബഹളങ്ങള്‍ ഉണ്ടാകാം. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഈ സിനിമയുടെ പിന്നാലെയുണ്ട്. അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയാണിത്. ഇതൊരു വലിയ സിനിമയായതിനാല്‍ പല ബുദ്ധിമുട്ടുകള്‍ ഉണ്ടായി. പിന്നീട് അവര്‍ എന്നെ സമീപിച്ചു. അങ്ങനെയാണ് ഈ ചിത്രം ഞാന്‍ ഏറ്റെടുക്കുന്നത്.
ഇതേ പ്രമേയവുമായി ബന്ധപ്പെട്ട് ഒന്നിലേറെ സിനിമകള്‍ ഉണ്ടാകണം എന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. ഈ സിനിമ ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യണം. ഓരോരുത്തരും കണ്ടെത്തുന്ന വസ്തുതയാകും അവരവരുടെ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുക. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ സാധാരണക്കാരന്‍ ചെയ്ത യുദ്ധം. ഇന്ത്യയില്‍ വേറേ ഒരു സ്ഥലത്തും സാധാരണ ജനങ്ങള്‍ സംഘടിച്ച് യുദ്ധം ചെയ്തിട്ടില്ല. യുദ്ധം മാത്രമല്ല, അവിടെ അറുപതോളം ഗ്രാമങ്ങള്‍ ചേര്‍ന്ന് മലയാളരാജ്യം എന്ന പേരില്‍ ഒരു രാജ്യം തന്നെ പ്രഖ്യാപിച്ചു.
സത്യസന്ധമായ അന്വേഷമാണ് ഈ സിനിമയുമായി ബന്ധപ്പെട്ടു നടത്തിയത്. ആരെയും മനപൂര്‍വം വേദനിപ്പിക്കുക എന്ന ഉദ്ദേശ്യം ഞങ്ങള്‍ക്കില്ല. എല്ലാ സ്വാതന്ത്ര്യസമര ചരിത്രത്തിലും മതപരമായ വിഭജനം ബ്രിട്ടിഷുകാര്‍ നടത്തിയിട്ടുണ്ട്. വാരിയംകുന്നന്റെ ഒരു ചിത്രം പോലും എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് ആലിമുസ്ലിയാരുടെ ചിത്രമാണ്. പാരിസിലെ ഒരു മാസികയില്‍ നിന്നാണ് ഞങ്ങള്‍ക്ക് വാരിയംകുന്നന്റെ പടം ലഭിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ് ബ്രിട്ടിഷുകാര്‍ എടുത്ത ചിത്രമാണിത്. ഈ സിനിമ ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ അവര്‍ ബ്രിട്ടിഷുകാര്‍ ആയിരിക്കും.
Read more
അലി അക്ബറും സിനിമ ചെയ്യട്ടെ. ഒരു സിനിമയ്ക്കു മറുപടി മറ്റൊരു സിനിമ തന്നെയാണ്. ഈ വിഷയം ഏവരും ചര്‍ച്ച ചെയ്യട്ടെ. ഇനിയും മലബാറിന്റെ ചരിത്രത്തിലൂടെ പല സിനിമകളും യാത്ര ചെയ്യണം. ഇനിയും കഥകളുണ്ടാകട്ടെ. കേരളത്തില്‍ ആയതുകൊണ്ടുതന്നെ, ഈ സിനിമ നടക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയം ഇല്ല. സൈബര്‍ ആക്രമണങ്ങള്‍ പതിവാണ്. അത് നടത്താന്‍ പ്രത്യേകിച്ച് ഒരു ശക്തിയുടെയും ആവശ്യമില്ല. പൃഥ്വിരാജിനെപ്പോലും ഇത് വ്യക്തിപരമായി ബാധിച്ചെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹമൊക്കെ ഇതിന്റെ വളരെ മോശം വശങ്ങള്‍ കണ്ട് അതില്‍നിന്ന് ശക്തി ആര്‍ജിച്ച് സ്വയം വളര്‍ന്നുവന്ന ആളാണ്. പൃഥ്വിരാജ് മാത്രമല്ല റിമയും അങ്ങനെ തന്നെ. ഞങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണ്, അതു തുടരും.