ദര്‍ശന്റെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍! മുന്‍ മാനേജരെ കാണാതായിട്ട് എട്ട് വര്‍ഷം; ദുരൂഹത

ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ താരം ദര്‍ശന്റെ ഫാംഹൗസ് മാനേജരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദര്‍ശന്റെ ബെംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇതേ കാര്യം പറഞ്ഞുള്ള വീഡിയോ സന്ദേശവും പുറത്തുവന്നു. തന്റെ പ്രിയപ്പെട്ടവരാരും മരണത്തില്‍ ഉത്തരവാദികളല്ലെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീധറിന്റെ മരണവും, ദര്‍ശന്‍ പ്രതിയായ രേണുകാസ്വാമി കൊലക്കേസും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വഷണം തുടങ്ങി. അതേസമയം, ദര്‍ശന്റെ മുന്‍ മാനേജര്‍ മല്ലികാര്‍ജുന്റെ തിരോധാനവും ചര്‍ച്ചയാകുന്നുണ്ട്. കര്‍ണാടകയിലെ ഗഡക് സ്വദേശിയായ മല്ലികാര്‍ജുനെ കുറിച്ച് 2016 മുതല്‍ ഒരു വിവരവുമില്ല.

ദര്‍ശനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു മല്ലികാര്‍ജുന്‍. ദര്‍ശന്റെ ഫിലിം ഷെഡ്യൂളുകളും മറ്റ് പ്രൊഫഷണല്‍ കാര്യങ്ങളും ക്രമീകരിക്കുന്നതിന് പുറമെ നിര്‍മാണത്തിലും വിതരണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. എന്നാല്‍ സിനിമാ നിര്‍മ്മാണത്തില്‍ മല്ലികാര്‍ജുന് വലിയ നഷ്ടം സംഭവിച്ചിരുന്നു. നടന്‍ അര്‍ജുന്‍ സര്‍ജയില്‍ നിന്ന് ഇയാള്‍ ഒരു കോടി രൂപ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അര്‍ജുന്റെ പ്രേമ ബരാഹ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്നു ഇത്. പണം ആവശ്യപ്പെട്ട് അര്‍ജുന്‍ മല്ലികാര്‍ജുന് നോട്ടീസ് അയച്ചതോടെ സംഭവം വലിയ വാര്‍ത്തയായിരുന്നു. ദര്‍ശനില്‍ നിന്നും ഇയാള്‍ രണ്ട് കോടി തട്ടിയെടുത്തെന്നും വിവരമുണ്ട്. 2016 മുതല്‍ മല്ലികാര്‍ജുനയുടെ ഒരു വിവരങ്ങളും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമില്ല.

Read more