മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സുരേഷ് ഗോപിക്കൊപ്പം അന്‍വര്‍ റഷീദ്; സോഫിയ പോള്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ്?

രാജമാണിക്യം എന്ന മമ്മൂട്ടി ചിത്രവുമായി 2005-ൽ  മലയാള സിനിമയിലേക്ക് കടന്നു വന്ന സംവിധായകനാണ് അൻവർ റഷീദ്. ഒരു നവാഗത സംവിധായകന്റെ പതർച്ചകളോ അപരിചിതത്വമോ ഇല്ലാതെ അയാൾ ആ വർഷം ബോക്സ് ഓഫീസ് തൂത്തുവാരി. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി അതോടെ രാജമാണിക്യം മാറി. ആരാധകരും പ്രേക്ഷകരും ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെയായിരുന്നു രാജ്യമാണിക്യത്തിലൂടെ മലയാളത്തിന് ലഭിച്ചത്.

രണ്ട് വർഷങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ്  ‘ഛോട്ടാ മുംബൈ’ എന്ന സിനിമയെടുത്തു. അതും ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ  മമ്മൂട്ടി ആരാധകരെയും മോഹൻലാൽ ആരാധകരെയും തൃപ്തിപ്പെടുത്തിയ  ആദ്യ രണ്ട് സിനിമകൾ കൊണ്ട് അയാൾ സജീവമായ സിനിമാ ചർച്ചകളിൽ ഇടം പിടിച്ചു. പിന്നീട് വന്ന എല്ലാ സിനിമകളും പ്രേക്ഷക- നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയവയായിരുന്നു. 2008ൽ അണ്ണൻ തമ്പി, 2009 ൽ കേരള കഫെ എന്ന ആന്തോളജിയിലെ  ‘ബ്രിഡ്ജ്’ എന്ന സെഗ്മെന്റ്, 2012 ൽ ഉസ്താദ് ഹോട്ടൽ, തൊട്ടടുത്ത വർഷം അഞ്ച് സുന്ദരികളിലെ ‘ആമി’, 2020 ൽ ‘ട്രാൻസ്’. ഇത്രയും സിനിമകൾ കൊണ്ട് തന്നെ മലയാളത്തിൽ  ഒരു മിനിമം ഗ്യാരന്റിയുള്ള സംവിധായകനായി അൻവർ റഷീദ് മാറി.

ഇപ്പോഴിതാ ‘ആർ. ഡി. എക്സിന്’ ശേഷം  വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന അവരുടെ പത്താമത്തെ സിനിമ പ്രഖ്യാപിച്ചിരിക്കുന്നു. സംവിധാനം അൻവർ റഷീദ്. അത് തന്നെ സിനിമാ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയായിരുന്നു. എന്നാൽ സിനിമയുടെ മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ആരായിരിക്കും സിനിമയിൽ നായകൻ എന്നും മറ്റും നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു സൂപ്പർ താരമായിരുന്ന സുരേഷ് ഗോപിയാണ് അൻവർ റഷീദിന്റെ പുതിയ ചിത്രത്തിൽ നായകനെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

മോഹൻലാലും മമ്മൂട്ടിയും നിരവധി സിനിമകളിലൂടെ സജീവമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലൊന്ന് നടന്നാൽ പ്രതാപ കാലത്തെ  മമ്മൂട്ടി- മോഹൻലാൽ- സുരേഷ് ഗോപി ത്രയത്തിന്റെ തിരിച്ചു വരവായിരിക്കും ഈ സിനിമയെന്നാണ് സുരേഷ് ഗോപി ആരാധകരും സിനിമാ പ്രേമികളും കണക്കുകൂട്ടുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.