മൃഗസംരക്ഷണവും 2 ലക്ഷത്തിന്റെ ഗൂച്ചി ലെതർ ബാഗും; ഉപദേശവും ഊഞ്ഞാലാടലും ഒരുമിച്ച് വേണ്ടെന്ന് ആരാധകർ; ആലിയ ഭട്ടിനെതിരെ വ്യാപക വിമർശനം

പ്രമുഖ ആഡംബര ബ്രാൻഡായ ഗൂച്ചിയുടെ ചടങ്ങിനെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ വ്യാപകവിമർശനം. 2.3 ലക്ഷത്തോളം വില വരുന്ന ആഡംബര ബാഗുമായാണ് ആലിയ ചടങ്ങിനെത്തിയത്.

ഒരേ സമയം മൃഗ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുകയും പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിർമ്മിച്ച ആഡംബര ബാഗുമായി ഇത്തരം ചടങ്ങുകൾക്ക് വരികയും ചെയ്യുന്നതിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന പ്രധാന വിമർശനം.

ആലിയ ഭട്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ റിച്ചി മേത്ത സംവിധാനം ചെയ്ത ‘പോച്ചർ’ വെബ് സീരീസിൽ ആനകളെ വേട്ടയാടുന്നതും, അതിനെതിരെ വനപാലകർ പോരാടുന്നതുമാണ് സീരീസിന്റെ പ്രമേയം. കേരളത്തിൽ അരങ്ങേറിയ യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ആലിയ ഭട്ടും സീരീസിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സീരീസിന്റെ പ്രചരണാർത്ഥം എല്ലാ വേദികളിലും ആലിയ മൃഗസംരക്ഷണത്തെ പറ്റിയും മറ്റും സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആലിയ ഇപ്പോൾ തുകലിന്റെ ബാഗ് ഉപയോഗിക്കുന്നത് ഒരുതരം ഇരട്ടത്താപ്പ് ആണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന വിമർശനം.

ഉപദേശവും ഊഞ്ഞാലാടലും ഒരുമിച്ച് വേണ്ട, നിങ്ങളൊക്കെ എന്ത് സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് കൊടുക്കുന്നത്, ആലിയ മാപ്പ് പറയുക.. എന്നിങ്ങനെ പോവുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ.

നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി തുടങ്ങിയവരാണ് പോച്ചറിലെ പ്രധാന താരങ്ങൾ.ഇൻവെസ്റ്റിഗേറ്റീവ് ക്രൈം- ത്രില്ലർ ഴോണറിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണ് വി സീരീസിലൂടെ റിച്ചി മേത്ത പറയുന്നത്.

Read more

ജൊഹാൻ ഹെർലിൻ ആണ് സീരീസിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇയോബിന്റെ പുസ്തകം, തുറമുഖം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഗോപൻ ചിദംബരം ആണ് പോച്ചർ മലയാളം വേർഷന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്