'ഒരു പക്ഷേ കോളിളക്കം ഉള്‍പ്പെടെയുള്ള പടങ്ങളില്‍ ജയന്റെ ശബ്ദം എന്റെതാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍'; കുറിപ്പുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്

കോളിളക്കം ഉള്‍പ്പെടെയുള്ള ജയന്റെ ചിത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തതിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നായകന്റെ 40ാം ചരമ വാര്‍ഷിക ദിനത്തില്‍ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍. ജയന്‍ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കി എന്ന രഹസ്യം, “വെളിയില്‍ പറയരുത് “എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന താനും പതിറ്റാണ്ടുകളോളം അക്ഷരംപ്രതി പാലിച്ചു എന്നും സംവിധായകന്‍ കുറിപ്പില്‍ പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:

1980 നവംബര്‍ 16 .. വിശ്വസിക്കാനാകാതെയും ആശ്വസിപ്പിക്കാനാകാതെയും മലയാള സിനിമയുടെ ആ ഇടിമുഴക്കം യാത്രയായി… ജയന്‍. മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിന്റെ ജ്വലിക്കുന്ന മുഖം.

ഒരു പക്ഷേ കോളിളക്കം ഉള്‍പ്പെടെയുള്ള പടത്തില്‍ ജയന്റെ ശബ്ദം എന്റെതാണന്നറിഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും അത് കളക്ഷനെ കാര്യമായ് ബാധിച്ചേനേ, ജനങ്ങള്‍ മുന്‍വിധിയോടെ പടം കാണും. ജയന്‍ കൊള്ളാം, ശബ്ദം വേറെയാളാണ് എന്ന പ്രചാരണം ചിത്രത്തിന്റെ ബോക്‌സോഫീസ് വിജയത്തെ ബാധിച്ചേനേ.

ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം. “വെളിയില്‍ പറയരുത് ” എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു.

കോളിളക്കവും, ആക്രമണവും, അറിയപ്പെടാത്ത രഹസ്യവും, മനുഷ്യമൃഗവും .. അങ്ങിനെ ആ അണയാത്ത ദീപത്തിന് എന്റെ ശബ്ദത്തിലൂടെ ജീവന്‍ നല്കാന്‍ എനിക്ക് കിട്ടിയ അവസരങ്ങള്‍ … അതൊരു മഹാഭാഗ്യമായ് ഞാന്‍ ഇന്നും കരുതുന്നു…