ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

നടന്‍ ടൊവിനോ തോമസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പിന്നാലെ ‘വഴക്ക്’ സിനിമ ഓണ്‍ലൈനില്‍ പുറത്തുവിട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് തിയേറ്ററിലോ ഒ.ടി.ടിലോ റിലീസ് ചെയ്യാന്‍ ടൊവിനോ ശ്രമിക്കുന്നല്ല എന്നായിരുന്നു സംവിധായകന്റെ ആരോപണം.

എന്നാല്‍ സംവിധായകന്റെ ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കി ടൊവിനോ പ്രതികരിച്ചിരുന്നു. സനല്‍ കുമാര്‍ ശശിധരനോടുള്ള ബഹുമാനം കൊണ്ടായിരുന്നു വഴക്കിന്റെ പ്രൊഡക്ഷന്‍ ഏറ്റെടുത്തതെന്നും, 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അതെന്നും ടൊവിനോ തുറന്നു പറഞ്ഞിരുന്നു.

ടൊവിനോയും സനല്‍കുമാറും തമ്മിലുള്ള ഈ പ്രശ്‌നത്തിനിടെ വഴക്ക് ചിത്രം ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് സംവിധായകന്‍. വഴക്കിന്റെ പ്രിവ്യൂ കോപ്പിയുടെ ലിങ്ക് ആണ് ആര്‍ക്കും സൗജന്യമായി കാണാവുന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ സനല്‍കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

”പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/ The Quarrel കാണണമെന്നുള്ളവര്‍ക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാം” എന്നാണ് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

വഴക്ക് നിര്‍മ്മിക്കുന്ന സമയത്ത് ടൊവിനോ വളര്‍ന്നുവരുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നെന്നും അന്നത് പുറത്ത് വന്നിരുന്നെങ്കില്‍ തനിക്കെതിരെയുള്ള വിരോധം അയാള്‍ക്കെതിരെ തിരിയുമായിരുന്നെന്നും സനല്‍കുമാര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതേസമയം, പരിചയപ്പെട്ട സമയത്തെ സനല്‍കുമാറിനെ തനിക്ക് ഇഷ്ടമായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തെ തനിക്ക് മനസിലാവുന്നില്ല എന്നാണ് ടൊവിനോ പറഞ്ഞത്.

Read more