ആർഡിഎക്സിന് ശേഷം ആന്റണി വർഗീസും സോഫിയ പോളും വീണ്ടുമൊന്നിക്കുന്നു; ഏറ്റവും പുതിയ അപ്ഡേറ്റ്

ആർഡിഎക്സിന്റെ വമ്പൻ വിജയത്തിന് ശേഷം വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് ആന്റണി വർഗീസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

തിരുവനന്തപുരം വർക്കലയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുന്നത്. നവാഗതനായ അജിത്ത് മാമ്പള്ളിയാണ് ചിത്രത്തിന്റെ സംവിധായകൻ. റോയ്‌ലിൻറോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത് നിർമ്മാണ സംരംഭം കൂടിയാണ് ‘പ്രൊഡക്ഷൻ നമ്പർ 7’ എന്ന് ടാഗ് ലൈൻ കൊടുത്തിരിക്കുന്ന ഈ ചിത്രം.

ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും കടലിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. റിവഞ്ച്- ആക്ഷൻ ഡ്രാമ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സാം സി. എസ് ആണ് സംഗീതമൊരുക്കുന്നത്.

Read more

രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ജയാ കുറുപ്പ് ,ബാലതാരങ്ങളായ അഭാ എം. റാഫേൽ, ഫസിയ മറിയം ആന്റണി, ഗൗതമി നായർ, ഷബീർ കല്ലറക്കൽ, ശരത് സഭ, നന്ദു, സിറാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.