'ക്യാപ്റ്റന്‍ മില്ലര്‍' ചിത്രീകരണം വന്യജീവികള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു; ധനുഷ് ചിത്രം വിവാദത്തില്‍, പ്രതികരിച്ച് സംവിധായകന്‍

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. സിനിമയുടെ ചിത്രീകരണത്തിനിടെ തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടത്തുറൈ കടുവാ സങ്കേതത്തിലെ വന്യമൃഗങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ അരുണ്‍ മതേശ്വരന്‍ ഇപ്പോള്‍.

കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല ക്യാപ്റ്റന്‍ മില്ലര്‍ ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരന്‍ വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചത്, അദ്ദേഹത്തോട് അനുവാദം വാങ്ങിച്ചിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

വന്യമൃഗങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തില്‍ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഹൈ ബീം ലൈറ്റുകള്‍ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചിത്രീകരണം വിചാരിച്ചത് പോലെ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അധികൃതരുമായി പ്രൊഡക്ഷന്‍ ടീം സംസാരിച്ചിട്ടുണ്ട് എന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. എന്നാല്‍ എവിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന വിവരം സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.

1940കളുടെ പശ്ചാത്തലത്തിലാണ് ക്യാപ്റ്റന്‍ മില്ലറുടെ കഥ പറയുന്നത്. പ്രിയങ്ക മോഹന്‍ ആണ് നായിക. ശിവ രാജ്കുമാര്‍, സന്ദീപ് കിഷന്‍, നിവേദിത സതീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.