ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി ആസിഫ് അലി; ഒപ്പം രജീഷയും, സംവിധാനം ജിബു ജേക്കബ്

വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം വീണ്ടും രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയുമായി സംവിധായകന്‍ ജിബു ജേക്കബ്. “എല്ലാം ശരിയാകും” എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടും. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷമാണ് ആസിഫും രജീഷയും വീണ്ടും ഒന്നിക്കുന്നത്.

ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ യുവാവിന്റെ രസകരമായ കഥയാണ് ചിത്രം പറയുക. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലക്ഷ്മി, തുളസി, ജോര്‍ഡി പൂഞ്ഞാര്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡോ. പോള്‍സ് എന്റെര്‍ടെയ്ന്‍മെന്റ് ആന്‍ഡ് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നാണ് നിര്‍മ്മാണം. ഷാരിസ് മുഹമ്മദ് ആണ് തിരക്കഥ. ഹരി നാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതമൊരുക്കുന്നു. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും സൂരജ് ഇ. എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Read more

രാജീവ് രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ആസിഫ് അലി ഇപ്പോള്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം ജിബു ജേക്കബ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. കര്‍ണന്‍ എന്ന ചിത്രമാണ് രജിഷയുടെതായി ഒരുങ്ങുന്നത്. ഖൊ ഖൊ എന്ന ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.