‘എമ്പുരാന്‍’ വിവാദങ്ങളില്‍ പ്രതികരിക്കവെ പൃഥ്വിരാജിന്റെ കുടുംബത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മോനോന്‍ അര്‍ബന്‍ നക്‌സല്‍ ആണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലക്ക് നിര്‍ത്തണം എന്നാണ് ബി ഗോപാലകൃഷ്ണന്‍ പറയുന്നത്.
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്താണ് മല്ലിക സുകുമാരന്‍ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടില്‍ അര്‍ബന്‍ നക്‌സലൈറ്റായ മരുമകളെ നേരെ നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത് എന്നും ബി ഗോപാല കൃഷ്ണന്‍ പ്രതികരിച്ചു.
ചിത്രത്തിന് അനുകൂലമായി പ്രതികരിച്ച മന്ത്രി ശിവന്‍കുട്ടിയും, സിപിഐ നേതാവ് ബിനോയ് വിശ്വവും ചലച്ചിത്ര പ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് അല്ല കാണേണ്ടത് ആശ വര്‍ക്കര്‍മാരുടേതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല എന്ന് പറഞ്ഞാണ് മല്ലിക സുകുമാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.
ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ട്. ഇത് ഒരു അമ്മയുടെ വേദനയാണ്. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹന്‍ലാലോ നിര്‍മാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ലെന്നും മല്ലിക പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.