‘ഇത് ജനാധിപത്യ വിരുദ്ധമാണ്, കാര്യമായി എന്തോ സംഭവിക്കാന്‍ പോകുന്നുണ്ട്… എനിക്ക് അയാളുടെ കഥയും ചരിത്രവും അറിയണം..’ ക്രിസ്റ്റഫറിന്റെ ടീസറിലെ ചില വാക്കുകളാണിത്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രേക്ഷകരുടെ കാത്തിരിപ്പ് നാളെ അവസാനിക്കും.
പ്രമാണിക്ക് ശേഷം ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ‘ക്രിസ്റ്റഫര്‍’ നാളെ തിയേറ്ററുകളിലേക്ക് എത്തും.
DPCAW എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പ്രേക്ഷകര്‍ക്ക് സസ്പെന്‍സ് ഒരുക്കികൊണ്ടാണ് ക്രിസ്റ്റഫര്‍ സിനിമയുടെ ടീസറുകളും ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും എത്തിയത്. പ്രഖ്യാപനം മുതല്‍ തന്നെ സിനിമ ഏറെ ഹൈപ്പ് നേടിയിരുന്നു. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈന്‍ വരെ സിനിമ ഒരു സസ്പെന്‍സ് ത്രില്ലറാകും എന്ന പ്രതീക്ഷകളും പ്രേക്ഷകന് നല്കി. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തുവന്ന ഒരോ ടീസറുകളും അപ്ഡേറ്റുകളും.
തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ വിനയ് റായ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സീതാറാം ത്രിമൂര്‍ത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്.
സ്നേഹയും അമല പോളും ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമല്‍ രാജ് കലേഷ്, ദീപക് പറമ്പോള്‍, ഷഹീന് സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഓപ്പറേഷന് ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിംഗ് മനോജ്,
2010 മാര്‍ച്ചില്‍ റിലീസ് ചെയ്ത പ്രമാണിക്ക് ശേഷം 13 വര്‍ഷങ്ങള്‍ക്കിപ്പുറം ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. നിരവധി ത്രില്ലര്‍ സിനിമകള്‍ ഒരുക്കിയിട്ടുള്ള ബി. ഉണ്ണികൃഷ്ണിന്‍ നിന്നും പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ.. അതുകൊണ്ട് തന്നെ ക്രിസ്റ്റഫര്‍ എങ്ങനെയാകും എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും. പുതുമുഖ സംവിധായകര്‍ക്കും പരീക്ഷണ സിനിമകള്‍ക്കും ഡേറ്റ് നല്‍കാറുള്ള മമ്മൂട്ടി എന്ന താരത്തിന്റെ സിനിമ മോശമാകാനും വഴിയില്ല.
റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഒരു ടീസര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചടുല ആക്ഷന്‍ രംഗങ്ങള്‍ ടീസറില്‍ കാണാം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടര മണിക്കൂര്‍ ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.