ലിയോയില്‍ വിജയ്‌ക്കൊപ്പം ബാബു ആന്റണിയും

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ബാബു ആന്റണിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് . ഫെയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് പോകവെ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനെ കണ്ടുമുട്ടിയെന്നും ബാബു ആന്റണി കുറിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഐ.എം. വിജയനൊപ്പമുള്ള ചിത്രവും ബാബു ആന്റണി പങ്കുവെച്ചു.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.

Read more

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.