സംഘപരിവാര്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ്, ഇങ്ങനെ പച്ചയ്ക്ക് പറയാന്‍ ചില്ലറ ധൈര്യം പോര..; 'എമ്പുരാന്' പ്രശംസയുമായി ബിനീഷ് കോടിയേരി

‘എമ്പുരാന്‍’ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയം പറയാന്‍ ചില്ലറ ധൈര്യം പോരെന്ന് നടന്‍ ബിനീഷ് കോടിയേരി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയില്‍ കാണിച്ച ചില കാര്യങ്ങള്‍ പച്ചയ്ക്കാണ് പറയുന്നതെന്നും അതിന് ധൈര്യം കാണിച്ച എമ്പുരാന്റെ അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ബിനീഷ് കുറിപ്പ്.

”ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബജറ്റ് പടം സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചയ്ക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍” എന്നാണ് ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

അതേസമയം, കേരളത്തില്‍ 750 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകസ്വീകാര്യതയിലും ആഗോള കളക്ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ സിനിമയുടെ വ്യാജ പ്രിന്റുകള്‍ ഓണ്‍ലൈനില്‍ എത്തിയത് തിരിച്ചടിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ എച്ച്ഡി പ്രിന്റ് ആണ് പൈറസി സൈറ്റുകളില്‍ എത്തിയിരിക്കുന്നത്. മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ്, ഫില്മിസില്ല എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് ലഭ്യമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.