ബലാത്സംഗം ചെയ്തുവെന്ന് നടിമാരുടെ ആരോപണം, പത്ത് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീടു; കാന്‍ ഫെസ്റ്റിവല്‍ പൊട്ടിത്തെറിക്ക് വേദിയാകും!

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 10 നടന്മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കുമെന്ന് സൂചന. കാന്‍ ഫെസ്റ്റിവലിന്റെ 77-ാം എഡിഷനാണ് ഇത്തവണത്തേത്. മേയ് 14 മുതല്‍ 25 വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

യൂറോപ്യന്‍ സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 10 പ്രമുഖരുടെ പേരുകള്‍ ഫ്രാന്‍സിലെ പ്രമുഖ ഫിനാന്‍സ് കമ്പനികള്‍ക്കും പാരീസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സിനിമയിലേക്കും രഹസ്യമായി അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെതിരെ മുന്‍കരുതലെടുക്കാന്‍ ഒരു ഏജന്‍സിയെ കാന്‍ പ്രസിഡന്റ് ഐറിസ് ക്നോബ്ലോച്ച് സജ്ജമാക്കിയതായാണ് ഫ്രഞ്ച് മാധ്യമമായ ലെ ഫിഗാറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌കര്‍ ജേതാക്കളുടെത് അടക്കമുള്ള പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

സംവിധായകരായ ജാക്വസ് ഡോയ്ലണും ബെനോയ്റ്റ് ജാക്വറ്റും ലൈംഗികമായി ഉപദ്രവിച്ചുവെന്ന് വെളിപ്പെടുത്തി ജുഡിത്ത് ഗോഡ്രെച്ച് അടുത്തിടെ രംഗത്തെത്തിയിരുന്നു. കൗമാരക്കാരിയായിരിക്കെ 1980കളില്‍ ഇരുവരും തന്നെ ബലാത്സംഗം ചെയ്തു എന്നാണ് ജുഡിത്തിന്റെ ആരോപണം.

Read more