അന്നേ വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, ടെന്‍ഷന്‍ കാരണം ഒരുപാട് മരുന്ന് കഴിക്കുന്നുണ്ട്, നടന് മറ്റെന്തോ രോഗം: ചെയ്യാറു ബാലു

കടുത്ത പനിയുമായി പ്രൊമോഷന്‍ പരിപാടിക്കെത്തിയ നടന്‍ വിശാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മദ ഗജ രാജ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് വിറച്ച് ക്ഷീണിച്ച് വിശാല്‍ എത്തിയത്. വേദിയില്‍ സംസാരിക്കവെ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും ശാരീരികബുദ്ധിമുട്ടുകള്‍ നടനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും വീഡിയോകളില്‍ എത്തിയിരുന്നു.

കടുത്ത മൈഗ്രെയ്‌നും പനിയുമാണ് നടന്റെ അവശതയ്ക്ക് പിന്നില്‍ എന്നാണ് അണിയറപ്രവര്‍ത്തകരും വിശാലിനോട് അടുത്തവൃത്തങ്ങളും അറിയിച്ചത്. എന്നാല്‍ പനിക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാറു ബാലു. പരിധി വിട്ട് സ്റ്റിറോയിഡുകളും ടെന്‍ഷനുള്ള മരുന്ന് കഴിച്ച് വിശാല്‍ അസുഖബാധിതനായി എന്നാണ് ചെയ്യാറു ബാലു പറയുന്നത്.

തമിഴ് സിനിമയില്‍ ഏറ്റവും മാന്‍ലി ലുക്കുള്ള നടനായിരുന്നു വിശാല്‍. അവന്‍ ഇവന്‍ സിനിമയില്‍ അഭിനയിച്ച ശേഷം ചെറിയ രീതിയില്‍ ഫീമെയില്‍ ടച്ച് നടന്റെ പെരുമാറ്റത്തില്‍ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായ ശേഷം ബോഡി ഫിറ്റായിരിക്കാന്‍ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്.

മുമ്പ് ഒരിക്കല്‍ വിശാലിനെ ഞാന്‍ കണ്ടപ്പോള്‍ സംസാരിക്കുന്നതിനിടെ സ്‌ട്രെസ്സും ടെന്‍ഷനും ഒരുപാട് മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാന്‍ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങള്‍, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ. പൊതുപ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാല്‍.

വിശാലിനെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയര്‍ന്ന പനിയുള്ള ഒരാള്‍ക്ക് ഇത്തരമൊരു ഫങ്ഷനില്‍ പങ്കെടുക്കാന്‍ വരാന്‍ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്‌നമുണ്ട്.

ഹൈ പവര്‍ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി. അവന്‍ ഇവന്‍ സിനിമയില്‍ കോങ്കണ്ണുള്ള കഥാപാത്രമായി വിശാല്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിംഗിന് വന്നപ്പോള്‍ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കില്‍ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു എന്നാണ് ചെയ്യറു ബാലു പറയുന്നത്.