‘എമ്പുരാന്‍’ സിനിമയുടെ റിലീസ് ദിവസം സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക് നടത്തുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാര്‍. മാര്‍ച്ച് 27ന് തിയേറ്ററുകള്‍ അടച്ചിട്ട്, സിനിമാ പ്രൊഡക്ഷനും നിര്‍ത്തിവച്ച് സൂചനാ പണിമുടക്ക് നടത്തും എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോടാണ് വിജയകുമാര്‍ പ്രതികരിച്ചത്.
മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ഫിലിം ചേംബറിന്റെ അനുമതി വാങ്ങിയ ശേഷം വേണം കരാര്‍ ഒപ്പിടാന്‍ എന്ന് മാത്രമേ അറിയിച്ചിട്ടുള്ളു. ആന്റണി പെരുമ്പാവരും ജി സുരേഷ് കുമാറുമായുള്ള പ്രശ്‌നം പരിഹരിച്ച ശേഷം ഇരുവരെയും താരങ്ങളെയും ഉള്‍പ്പെടുത്തി സര്‍ക്കാറിനെതിരെ ഇന്‍ഡസ്ട്രി ഒറ്റക്കെട്ടായി സമരം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും വിജയകുമാര്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.
മാര്‍ച്ചില്‍ മറ്റ് സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും എമ്പുരാന്റെ റിലീസ് ഡേറ്റ് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന വലിയ സിനിമകളില്‍ ഒന്ന് കൂടിയാണ് എമ്പുരാന്‍. സൂചനാ പണിമുടക്ക് എന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് അവസാനത്തോടെ ആയിരിക്കും പണിമുടക്ക് നടത്തുക എന്ന് വിവരങ്ങള്‍ എത്തിയിരുന്നു.
അതേസമയം, ഫിലിം ചേംബറിന്റെ യോഗത്തിന് ശേഷം ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിശദീകരണം നല്‍കാന്‍ ആന്റണി തയാറായില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് നടക്കാനാണ് ഫിലിം ചേംബറിന്റെ തീരുമാനം.