മരട് ഫ്‌ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന “മരട് 357” ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. പൊളിച്ചു മാറ്റിയ ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാദം.
ചിത്രത്തിന്റെ ട്രെയ്‌ലറോ ഭാഗങ്ങളോ പുറത്തു വിടരുതെന്നും കോടതിയുടെ ഉത്തരവിലുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്. ഫെബ്രുവരി 19ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. അതേസമയം, സിനിമ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സംവിധായകന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
സിനിമ ചെയ്യാതിരിക്കാന്‍ പലരും ഓഫറുകളുമായി എത്തിയിരുന്നതായും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കണ്ണന്‍ താമരക്കുളം വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ടീസര്‍ റിലീസ് ചെയ്ത മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ ഒരാള്‍ കേസ് കൊടുത്തിരുന്നു. മരട് 357 പറയുന്നത് സുപ്രീംകോടതി വിധി പ്രകാരം ഫ്‌ളാറ്റ് പൊളിച്ചതിലെ ശരികേടുകള്‍ ഒന്നുമല്ല.
Read more
മരട് ഫ്ളാറ്റ് എങ്ങനെയാണ് ഉണ്ടായത്. ഫ്ളാറ്റില്‍ ഉണ്ടായിരുന്നവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഫ്ളാറ്റ് പണിയാന്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കിയതിനെ കുറിച്ചും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. അതിലെ പിന്നാമ്പുറ കഥകളിലൂടെയാണ് ചിത്രം സഞ്ചരിക്കുക. അതിനാല്‍ ചിലര്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമം നടത്തുകയുണ്ടായി എന്നാണ് സംവിധായകന്‍ പറഞ്ഞത്.