വിവാദങ്ങൾ വിട്ടൊഴിയാതെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ. എഫ്. എഫ്. കെ). കഴിഞ്ഞ ദിവസമാണ്, തന്റെ സിനിമകൾ ഒരു മിനിറ്റ് പോലും കാണാതെ ജൂറി തിരസ്കരിച്ചു എന്ന ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ രംഗത്തുവന്നത്. അതിന് മുൻപ് ഡോ. ബിജുകുമാർ ദാമോദരനും ചലച്ചിത്ര അക്കാദമിക്കെതിരെ രംഗത്തു വന്നിരുന്നു.
ഇപ്പോഴിതാ സുരഭിലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ അനിൽ തോമസാണ് ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഫെസ്റ്റിവലിന് അയച്ച അനിൽ തോമസിന്റെ ‘ഇതുവരെ’ എന്ന സിനിമ കണ്ടില്ലെന്ന ആരോപണം ഉന്നയിച്ചപ്പോൾ ബഫറിങ്ങ് ഉള്ളതുകൊണ്ട് ഡൗൺലോഡ് ചെയ്തുകണ്ടു എന്നാണ് എന്നാണ് ജൂറി ചെയർമാൻ വി. എം വിനു പറഞ്ഞത്.
എന്നാൽ വിമിയോ ആപ്പ് വഴി സിനിമ പങ്കുവെക്കുമ്പോൾ അതിൽ ഡൗണ്‍ലോഡ് ഓപ്ഷൻ നൽകിയിരുന്നില്ല എന്നാണ് സംവിധായകൻ അനിൽ തോമസ് പറയുന്നത്. ഇനി ഡൗണ്‍ലോഡ് ചെയ്തുകണ്ടു എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തന്റെ സിനിമ പൈറേറ്റഡ് കോപ്പി കണ്ടതിന് നഷ്ടപരിഹാരം തരേണ്ടി വരുമമെന്നാണ് അനിൽ തോമസ് ഉന്നയിക്കുന്നത്. ഇത് ഒരു കൊള്ളസംഘമാണെന്നും സംസ്കാരമില്ലാത്ത വകുപ്പിന്റെ കീഴിൽ, ചലച്ചിത്രങ്ങൾക്ക് വേണ്ടി അല്ലാത്ത ഒരു അക്കാദമി ആണ് ഇതെന്നും അനിൽ തോമസ് പറയുന്നു.
ഐ. എഫ്. എഫ്. കെയിലേക്ക് അയച്ച ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രമേയമായ ‘ഇതുവരെ’ എന്ന തന്റെ സിനിമ ജൂറി കണ്ടിട്ടില്ലെന്നാണ് അനിൽ തോമസ് തെളിവുകൾ സഹിതം പറയുന്നത്. ചിത്രം കണ്ടാല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. കേരളത്തില്‍ എവിടെയും സിനിമയുടെ ലിങ്ക് തുറന്ന് കണ്ടതായി തെളിവില്ല. ഇത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് സംവിധായകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.