ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണി നടത്തിയ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. പണം നല്‍കിയാണ് പരിപാടിപാടിയില്‍ പങ്കെടുത്തത് എന്നാണ് ആരോപണം. 3500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ആയി നല്‍കി. ഇത് കൂടാതെ 1600 രൂപ വസ്ത്രത്തിനായി വാങ്ങി. എന്നാല്‍ പലരോടും പല തുകയാണ് സംഘാടകര്‍ വാങ്ങിയത്. ചിലരോട് 5000, ചിലരോട് 2000 എന്നാണ് നര്‍ത്തകരില്‍ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.
മാത്രമല്ല, ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് നര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്താധ്യാപകര്‍ക്ക് ഗോള്‍ഡ് കോയിന്‍ വാഗ്ദാനം ചെയ്തതായും നര്‍ത്തകര്‍ പറയുന്നുണ്ട്. നൃത്തം ചെയ്യാനായി ആദ്യം രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഘാടനക്കാരുടെ പിടിപ്പുകേട് കൊണ്ട് പിന്നീട് പിന്‍വലിച്ചുവെന്നും ഒരു നര്‍ത്തകി വ്യക്തമാക്കി.
ചിലരോട് 2000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് ആയി വാങ്ങിയത്. എന്നാല്‍ തന്റെ കൈയ്യില്‍ നിന്നും 3500 ആദ്യം വാങ്ങി. പിന്നെ 1600 കോസ്റ്റിയൂമിന് വേണ്ടി നല്‍കി. കല്യാണ്‍ സില്‍ക്‌സില്‍ നിന്നും നെയ്‌തെടുത്ത പട്ട് ആണെന്ന് പറഞ്ഞിരുന്നു. പക്ഷെ വന്നപ്പോള്‍ കിട്ടിയത് ഭരതനാട്യത്തിന് ഉപയോഗിക്കുന്ന സാധാരണ കോട്ടന്‍ സാരിയാണ്. മേക്കപ്പ്, ഹയര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സ്‌റ്റേ എല്ലാം നമ്മള്‍ നോക്കണം.
ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന് മുമ്പ് റെക്കോര്‍ഡിന് വേണ്ടിയുള്ള പരിപാടിക്ക് പങ്കെടുത്തിട്ടുണ്ട്, എന്നാല്‍ പൈസ കൊടുത്തിട്ടില്ല. ഇവര്‍ നേരിട്ട് നര്‍ത്തകരെ ബന്ധപ്പെട്ടിട്ടില്ല. നൃത്താധ്യാപകരെയാണ് ബന്ധപ്പെട്ടത്. പൈസ വാങ്ങിയിട്ടും നല്ല സ്റ്റേജ് ഉണ്ടായില്ല എന്നാണ് ഒരു നര്‍ത്തകി പറയുന്നത്. തന്റെ രണ്ട് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 12,0000ന് മുകളില്‍ രൂപ ചിലവായി എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
സ്‌കൂള്‍ ടീച്ചര്‍മാരാണ് ഈ പരിപാടിയെ കുറിച്ച് പറയുന്നത്. തന്റെ രണ്ട് കുട്ടികളാണ് പങ്കെടുത്തത്. ഒരു കുട്ടിക്ക് 5000 രൂപ അടക്കണമെന്ന് പറഞ്ഞു. സാരിക്ക് 1000 രൂപ വേറെ അടക്കണമെന്ന് പറഞ്ഞു. രണ്ട് ഗഡുവായി അടച്ചു. 12,0000ന് മുകളില്‍ രൂപ ചിലവായി. പരിപാടിയുടെ സമയം പേടിയാവുന്നു എന്ന് മക്കള്‍ പറഞ്ഞിരുന്നു. റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നര മാസം കഴിയുമ്പോള്‍ അയച്ചു തരുമെന്ന് പറഞ്ഞിരുന്നു എന്നാണ് ഒരാളുടെ പ്രതികരണം.
പരിപാടിക്കെതിരെ കേസ് നല്‍കിയാതായി മറ്റൊരു വ്യക്തിയും പ്രതികരിച്ചിട്ടുണ്ട്. പരിപാടിയുടെ കാര്യം അറിഞ്ഞ്, ഇവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ തന്റെ സുഹൃത്തിന് പങ്കെടുക്കാനായി സംസാരിച്ചു. ഇവര്‍ തന്ന നമ്പറിലാണ് ഇവരെ കോണ്ടാക്ട് ചെയ്തു. ഡിസംബര്‍ 20ന് ആയിരുന്നു വിളിച്ചത്. അതുകൊണ്ട് പറ്റില്ലെന്ന് പറഞ്ഞു. മറ്റൊരാള്‍ പറഞ്ഞതിന് അനുസരിച്ച് പിന്നെയും വിളിച്ചു.
എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി അവര്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ കേസ് നല്‍കുമെന്ന് പറഞ്ഞതിനാല്‍ കുട്ടിയെ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു. 4500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് എന്ന് പറഞ്ഞത്. പിന്നീടാണ് പലരുടെയും കൈയ്യില്‍ നിന്നും പല തുക വാങ്ങുന്നതെന്ന് അറിഞ്ഞത്. 25-ാം തീയതി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പക്ഷെ നടപടി ഉണ്ടായില്ല എന്നാണ് ആരോപണം.