ആഫ്രിക്കയിലെ ജിബൂട്ടിയില്‍ വിഷുക്കണി കണ്ട ദിലീഷ് പോത്തനും സംഘവും

കൊറോണ ഭീതിമൂലം സിനിമ ഷൂട്ടിംഗും പ്രദര്‍ശനവും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കൊറോണ ഭീഷണിയില്ലാതെ ഇപ്പോഴും ഷൂട്ടിംഗ് തുടരുന്ന ഒരു മലയാള സിനിമയുണ്ട്. ഉപ്പും മുളകും സംവിധായകന്‍ എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ജിബൂട്ടിയുടെ ചിത്രീകരണമാണ് ഇപ്പോഴും തുടരുന്നത്. കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെ ഇല്ലാത്ത ആഫ്രിക്കയിലെ ജിബൂട്ടി എന്ന പ്രദേശത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ഇവിടെ വിഷുക്കണി ഒരുക്കി കണ്ടതിന്റെ സന്തോഷത്തിലാണ് സംഘം.

സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഷൂട്ടിങ് തുടരുന്നതിനിടയാണ് വിഷുവെത്തിയത്. കണി മാത്രമല്ല ജിബൂട്ടിയുടെ കറന്‍സിയായ ഫ്രാന്‍ക് കൈമാറി കൈനീട്ടവും ഒപ്പിച്ചു. ജിബൂട്ടിയുടെ അതിര്‍ത്തിയായ തജൂറിലാണ് അറുപത്തിയെട്ടംഗ സംഘം ഉള്ളത്. കേരളത്തിലേക്കുള്ള മടക്കയാത്ര അനിശ്ചിതമെങ്കിലും സംഘം ഇവിടെ സുരക്ഷിതരാണ്.

മാര്‍ച്ച് 5 ന് മുമ്പ് തന്നെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇവിടെ എത്തിയിരുന്നു. ഏപ്രില്‍ 19 വരെ ഇവിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരും. അമിത് ചക്കാലക്കല്‍, ദിലീഷ് പോത്തന്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജിബൂട്ടിയിലുണ്ട്. നൈല്‍ ആന്‍ഡ് ബ്ലൂ ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ് ജൂബൂട്ടി നിര്‍മ്മിക്കുന്നത്.