ആളിക്കത്തുന്ന വിവാദം, ബോക്‌സ് ഓഫീസില്‍ തീ, 'എമ്പുരാന്‍' ഗ്ലോബല്‍ തലത്തില്‍ മൂന്നാമത്; കുതിപ്പ് 200 കോടിയിലേക്ക്

രാഷ്ട്രീയ വിവാദം ആളിക്കത്തുമ്പോള്‍ ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ തീപടര്‍ത്തി ‘എമ്പുരാന്‍’. റീ എഡിറ്റ് ചെയ്ത് എത്തുന്ന സിനിമ കാണാനായി തിയേറ്ററില്‍ തിരക്ക് ഏറുകയാണ്. ചിത്രം ആഗോളതലത്തില്‍ ഇതുവരെ നേടിയത് 165 കോടി കളക്ഷനാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിനിമ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുകയാണ്.

കോംസ്‌കോറിന്റെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 27 മുതല്‍ 30 വരെയുള്ള വീക്കെന്‍ഡില്‍ എമ്പുരാനില്‍ ആഗോള കളക്ഷനില്‍ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വമ്പന്‍ ഹോളിവുഡ് സിനിമകളെയും ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ബോളിവുഡ് ചിത്രം ‘ഛാവ’യെയും മറികടന്നാണ് എമ്പുരാന്‍ ഈ നേട്ടത്തിലേക്ക് എത്തിയത്.

കേരളത്തില്‍ നിന്ന് മാത്രം അഞ്ചാം ദിവസമാവുമ്പോഴേക്കും 50 കോടി കളക്ട് ചെയ്യുന്ന സിനിമയായി എമ്പുരാന്‍ മാറി. ഇന്ത്യയ്ക്ക് പുറത്തുന്നിന്നും 85 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. കളക്ഷനില്‍ 48 മണിക്കൂര്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടനേടിയ ഏകമലയാള ചിത്രമെന്ന ചരിത്രം എമ്പുരാന്‍ സ്വന്തമാക്കിയിരുന്നു.

അതേസമയം, റീ എഡിറ്റ് ചെയ്ത്, മൂന്ന് മിനിറ്റ് നീളം കുറച്ചാണ് ഇനി എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം വെട്ടിമാറ്റിയാണ് ചിത്രം എത്തുക. ബജ്രംഗി എന്ന വില്ലന്റെ പേരിലും മാറ്റം വരും. എഡിറ്റിന് ശേഷം വ്യാഴാഴ്ച ചിത്രത്തിന്റെ പുതിയ പതിപ്പ് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് തന്നെ റീ എഡിറ്റ് വേര്‍ഷന്‍ എത്തും.