ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള എബ്രഹാം ഖുറേഷി; അമേരിക്കയില്‍ ഷൂട്ടിംഗ്, ലൊക്കേഷന്‍ വീഡിയോ പുറത്ത്

സിനിമാപ്രേമികള്‍ ആഘോഷമാക്കാന്‍ പോകുന്ന സിനിമയാണ് ‘എമ്പുരാന്‍’ എന്നതില്‍ സംശയമില്ല. ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പ് ആണ് ചിത്രത്തിന് ഇപ്പോഴുള്ളത്. ‘ലൂസിഫര്‍’ സിനിമയുടെ ഗംഭീര വിജയം തന്നെയാണ് എമ്പുരാന് ഇത്രയധികം ഹൈപ്പ് ലഭിക്കാന്‍ കാരണവും.

മാത്രമല്ല, സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് എമ്പുരാനില്‍ എന്ന് ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്.

ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളുമായി ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയില്‍ കാണാനാകുക. അമേരിക്കയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ ആണ് അമേരിക്കയില്‍ പുരോഗമിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫര്‍. സിനിമയുടെ രണ്ടാം ഭാഗം എമ്പുരാനായി സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായല്ല, പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന്‍ വരിക എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ലൂസിഫറിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019 മാര്‍ച്ച് 28ന് ആണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫര്‍ റിലീസാകുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി, എബ്രഹാം ഖുറേഷി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്.