സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് ഇന്ന് 69-ാം പിറന്നാള്‍. സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്. 1975-ല്‍ പുറത്തിറങ്ങിയ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത “അപൂര്‍വ്വ രാഗങ്ങള്‍” എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രം “കഥാ സംഗമ” ആണ് രജനിയുടെ ആദ്യ സിനിമയായി കണക്കാക്കപ്പെടുന്നത്. ആദ്യ കാലത്ത് വില്ലന്‍ വേഷങ്ങളിലാണ് രജനികാന്ത് സ്‌ക്രീനിലെത്തിയത്. കരിയറിന്റെ ആദ്യ കാലത്ത് വ്യത്യസ്തമായ വേഷങ്ങളില്‍ രജനി അഭിനയിച്ചു. 1980-കളിലാണ് രജനികാന്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിയത്.
ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത “ഭുവന ഒരു കേള്‍വിക്കുറി”(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി. സൂപ്പര്‍ ഹിറ്റുകളാണ് പിന്നീടങ്ങോട്ട് അദ്ദേഹം സൃഷ്ടിച്ചത്.
1977-ല്‍ പുറത്തിറങ്ങിയ പി. ഭാരതീരാജ ചിത്രം “16 വയതിനിലെ”യില്‍ പറട്ട എന്ന വില്ലന്‍ കഥാപാത്രമായാണ് രജനികാന്ത് വേഷമിട്ടത്. കമലഹാസനും ശ്രീദേവിയുമായിരുന്നു നായകനും നായികയും. ചിത്രത്തിലെ രജനിയുടെ “”ഇതു എപ്പടി ഇരുക്ക്”” എന്ന ഡയലോഗും ഹിറ്റായിരുന്നു.
ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത “മുള്ളും മലരും” (1978) തമിഴ് സിനിമയില്‍ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. സഹോദരി സഹോദരങ്ങളായ കാളിയും വല്ലിയും തമ്മിലുള്ള വൈകാരികമായ ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. രജനികാന്ത് എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ചയും ഈ സിനിമയിലൂടെയാണ് സംഭവിക്കുന്നത്. ഏതൊരു രജനി ആരാധകനും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നു കൂടിയായിരുന്നു ഈ സിനിമ.
രജനികാന്ത് ഇരട്ട വേഷങ്ങളിലെത്തിയ ചിത്രമാണ് “ജോണി”. 1980-ല്‍ എത്തിയ ചിത്രത്തില്‍ ഒരു സാധാരണക്കാരനായും വില്ലനായുമാണ് രജനി വേഷമിട്ടത്. മഹേന്ദ്രന്‍ ഒരുക്കിയ ചിത്രത്തില്‍ ശ്രീദേവിയാണ് നായിക വേഷമിട്ടത്.
1981-ല്‍ എത്തിയ “തില്ലു മുള്ളു” എന്ന ബാലചന്ദര്‍ ചിത്രം കോമഡി എന്റര്‍ടെയിനറായാണ് എത്തിയത്. അയ്യാംപേട്ടൈ അരിവുദായ് നമ്പി കാളിയപെരുമള്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് രജനി വേഷമിട്ടത്. തമിഴിലെ ഏറ്റവും മികച്ച കോമഡി ചിത്രമാണ് തില്ലു മുള്ളു.
രജനികാന്ത് ഡബിള്‍ റോളിലെത്തിയ മറ്റൊരു ചിത്രമാണ് “നേട്രികണ്‍” (1981). ചക്രവര്‍ത്തി എന്ന സ്ത്രീലമ്പടനായ അച്ഛനായും സന്തോഷ് എന്ന ബിസിനസുകാരനായ മകനായുമാണ് രജനി എത്തിയത്.
1982-ല്‍ എത്തിയ “എങ്കെയോ കേട്ട കുരല്‍” രജനിയുടെ കരിയറിലെ മറ്റൊരു നാഴികകല്ലാണ്. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യ പൊന്നിയെ സംരക്ഷിച്ച ഭര്‍ത്താവ് കുമാരാനായാണ് രജനി വേഷമിട്ടത്.
ശ്രീ രാഘവേന്ദ്രര്‍ സ്വാമികളുടെ ബയോപിക് ആയി ഒരുക്കിയ എസ്.പി മുത്തുരാമന്‍ ചിത്രം “ശ്രീ രാഘവേന്ദ്രറി”ല്‍ രാഘവേന്ദ്രര്‍ സ്വാമികളായാണ് രജനി എത്തിയത്. ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള വേഷമാണ് ഇത്.
Read more
തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചിട്ടുണ്ട്. “അലാവുദ്ദീനും അത്ഭുത വിളക്കും” എന്ന ഐ.വി. ശശി ചിത്രത്തില്‍ കമല്‍ഹാസനൊപ്പം കമറുദ്ദീന്‍ എന്ന വില്ലനായി അഭിനയിച്ചു. “ഗര്‍ജ്ജനം” എന്ന മലയാള ചിത്രത്തിലും നായകവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. “അന്ധാ കാനൂന്‍” എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. 1988-ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടുണ്ട്.