ഫഹദ് ചിത്രം തിയേറ്ററില്‍ ദുരന്തം! ഹോംബാലെ ഫിലിംസിന് തിരിച്ചടി നല്‍കിയ 'ധൂമം'; 5 മാസത്തിന് ശേഷം ഒ.ടി.ടിയിലേക്ക്

പ്രമുഖ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ എത്തിയ ആദ്യ മലയാള ചിത്രമാണ് ‘ധൂമം’. അധികം പ്രമോഷനുകള്‍ ഒന്നുമില്ലാതെ തിയേറ്ററില്‍ എത്തിയ ചിത്രമാണെങ്കിലും ഫഹദ് ഫാസില്‍-അപര്‍ണ കോമ്പോയും ഹോംബാലെ ഫിലിംസ് എന്ന പേരും ചിത്രത്തിന് പ്രീ റിലീസ് ഹൈപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തകരുകയായിരുന്നു. കഷ്ടിച്ച് മൂന്ന് കോടിക്ക് അടുത്ത് മാത്രമാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും നേടാനായത്. ജൂണ്‍ 23ന് തിയേറ്ററില്‍ എത്തിയ ചിത്രം അഞ്ച് മാസങ്ങള്‍ക്കിപ്പുറം ഒ.ടി.ടിയില്‍ എത്താനൊരുങ്ങുകയാണ്. ചിത്രം ഈ മാസം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചിത്രം ഏത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനാണ് വിറ്റത് എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് താമസിക്കുന്നത് എന്നാണ് ജാഗ്രണ്‍ ഇംഗ്ലീഷ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read more

പവന്‍ കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളി ആയിരുന്നു നായികയായി എത്തിയത്. റോഷന്‍ മാത്യു, അച്യുത് കുമാര്‍, വിനീത്, അനു മോഹന്‍, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.