വര്‍ഷങ്ങളായി പെട്ടിയില്‍ തന്നെ കിടക്കുകയാണ് ഗൗതം മേനോന്‍-വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’. 2016ല്‍ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് പലതവണ പ്രഖ്യാപിച്ചെങ്കിലും സിനിമ ഇതുവരെ തിയേറ്ററില്‍ എത്തിയിട്ടില്ല. സിനിമയുടെ റിലീസിനെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഗൗതം മേനോന്‍ ഇപ്പോള്‍.
വിശാല്‍ ചിത്രം ‘മദ ഗജ രാജ’യുടെ മിന്നും വിജയം തനിക്ക് പ്രചോദനമായെന്നും ഇനി എന്തായാലും ധ്രുവനച്ചത്തിരം റിലീസ് ചെയ്യും എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. 12 വര്‍ഷത്തെ പ്രതിസന്ധിക്കൊടുവില്‍ ആയിരുന്നു മദ ഗജ രാജ റീലീസ് ചെയ്തത്. ആദ്യ നാല് ദിവസത്തിനുള്ളില്‍ 25 കോടി കളക്ഷന്‍ നേടി ചിത്രം മുന്നേറുകയും ചെയ്യുന്നുണ്ട്.
അതിനാല്‍ 2016ല്‍ ഷൂട്ട് ചെയ്ത ചിത്രം താനും പുറത്തിറക്കും എന്നാണ് ഗൗതം മേനോന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ”ഇപ്പോള്‍ വിശാലിന്റെ മദ ഗജ രാജ വളരെ നന്നായി ഓടുന്നത് കാണുമ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്. മദ ഗജ രജയുടെ വിജയം എനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. ധ്രുവനച്ചത്തിരം ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വരും” എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.
അതേസമയം, ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിലെ കാരണം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും ചോദിച്ചില്ലെന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നും ഗൗതം മേനോന്‍ ആരോപിച്ചിരുന്നു. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.