സ്വവര്‍ഗ്ഗ പ്രണയത്തോട് മലയാളികള്‍ക്കുള്ള എതിര്‍പ്പ് മലയാള സിനിമയിലും പ്രകടമാണ്. മലയാള സിനിമയില്‍ വളരെ വിരളമായി കൈകാര്യം ചെയ്ത് പോരുന്ന വിഷയങ്ങളില്‍ ഒന്നാണ് സ്വവര്‍ഗ്ഗ ലൈംഗികതയും പ്രണയവും. ഒരേ ലിംഗത്തില്‍പ്പെട്ട മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ സമൂഹം ഇന്നും അത് ആ വ്യക്തിയുടെ മാനസിക വൈകല്യമായാണ് പൊതുവെ കണക്കാക്കുന്നത്.
ഒരു വ്യക്തിയുടെ സ്വകാര്യത കൂടിയായ ഈ തീരുമാനത്തെ സമൂഹം കടന്നാക്രമിക്കുമ്പോള്‍, സിനിമ എന്ന മാധ്യമത്തിന് ഒരു പരിധി വരെ അത്തരം വിഷയങ്ങളില്‍ പുരോഗമനപരമായി സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും. ഈ ബോധ്യത്തോടെ സിനിമയെ സമീപിച്ച സംവിധായകരാണ് സ്വവര്‍ഗ്ഗ പ്രണയത്തെ തങ്ങളുടെ സിനിമയുടെ ഭാഗമാക്കാന്‍ ശ്രമിച്ചത്.
രണ്ട് പെണ്‍കുട്ടികള്‍
1978ല്‍ മോഹന്‍ സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍ ആണ് സ്വവര്‍ഗ്ഗ പ്രണയം കൈകാര്യം ചെയ്ത ആദ്യ മലയാള സിനിമ. വി ടി നന്ദകുമാര്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയത്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന കോകില, ഗിരിജ എന്നീ പെണ്‍കുട്ടികള്‍ തമ്മില്‍ പ്രണയത്തിലാവുന്നതാണ് ഇതിവൃത്തം. ശോഭ, അനുപമ മോഹന്‍, വിധു ബാല എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദേശാടനക്കിളി കരയാറില്ല
പത്മരാജന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിക്കുന്ന നിമ്മിയും സാലിയും തമ്മിലുള്ളത് ഒരു സൗഹൃദത്തെക്കാള്‍ അപ്പുറമുള്ള ബന്ധമാണെന്ന് കാണിക്കാന്‍ പല രീതിയില്‍ ആണ് പത്മരാജന്‍ ശ്രമിച്ചിട്ടുള്ളത്. വൈകാരികമായാണ് ഇരുവരുടെയും സ്‌നേഹബന്ധം ചിത്രത്തിലൂടനീളം അവതരിപ്പിച്ചിട്ടുള്ളത്. കാര്‍ത്തിക നിമ്മിയായി വേഷമിട്ടപ്പോള്‍ നടി ശാരി ആണ് സാലി ആയി എത്തിയത്.
സഞ്ചാരം
2004ല്‍ ലിജി ജെ പുല്‍പള്ളി സംവിധാനം ചെയ്ത സിനിമയാണ് സഞ്ചാരം. ഡെലില, കിരണ്‍ എന്നീ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ പ്രണയമാണ് ചിത്രത്തിന്റെ കാതല്‍. ഇരുവരും അവരുടെ പ്രണയത്തെ അനുഭവിക്കുന്ന രംഗങ്ങളും തമ്മില്‍ പിരിയുന്ന രംഗങ്ങളും വളരെ സുതാര്യമായാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സുഹാസിനി വി. നായര്‍ ആണ് കിരണ്‍ ആയി വേഷമിട്ടത്. ശ്രുതി മേനോന്‍ ആണ് ഡെലില ആയി എത്തിയത്.
മുംബൈ പൊലീസ്
മലയാള സിനിമയില്‍ ആദ്യമായി ഒരു പ്രമുഖ നടന്‍ സ്വവര്‍ഗാനുരാഗിയായി വേഷമിടുന്നത് മുംബൈ പൊലീസില്‍ പൃഥ്വിരാജ് ആണ്. മാസ്സ് നായക സങ്കല്‍പ്പങ്ങളുടെ പ്രതീകമായി കണക്കാക്കിയിരുന്ന പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ എടുത്തു പറയേണ്ട ഒരേടാണ് മുംബൈ പൊലീസിലെ ആന്റണി മോസസ്. ആന്റണിയുടെ ലൈംഗിക സ്വത്വം പുറത്തറിയാന്‍ ഇടയാവുന്നതാണ് ചിത്രത്തിലെ പ്രധാന വഴിത്തിരിവ്.
മൈ ലൈഫ് പാര്‍ട്ണര്‍
2014ല്‍ പുറത്തിറങ്ങിയ മൈ ലൈഫ് പാര്‍ട്ണര്‍ സ്വവര്‍ഗ്ഗനുരാഗ പങ്കാളികളുടെ ദത്തെടുക്കല്‍ അവകാശത്തെ കുറിച്ച് കൂടി ചര്‍ച്ച ചെയ്യുന്ന സിനിമയാണ്. കോളേജില്‍ ഒന്നിച്ചു പഠിക്കുന്ന റിച്ചാര്‍ഡും കിരണും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമാണ്. പിന്നീട് ഒരു കുട്ടിയെ ദത്തെടുത്തു വളര്‍ത്താനായി ദമ്പതികളില്‍ ഒരാള്‍ വിവാഹിതനാവാന്‍ തയ്യാറാവുകയാണ്.
സുദേവ് നായര്‍, അമീര്‍ നിയാസ്, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച രണ്ടാമത്തെ സിനിമ, മികച്ച അഭിനേതാവ് തുടങ്ങി രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
മൂത്തോന്‍
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ മൂത്തോനിലൂടെയാണ് സ്വവര്‍ഗ്ഗ പ്രണയം മലയാള സിനിമയില്‍ വീണ്ടും സജീവ ചര്‍ച്ചയായത്. രണ്ടു ‘പുരുഷന്മാര്‍’ തമ്മിലുള്ള പ്രണയത്തെ ‘മനോഹരമായി’ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു പ്രേക്ഷകസമൂഹം മൂത്തോനിലൂടെ സൃഷ്ടിക്കപെടുകയുണ്ടായി. തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് ബാലന്റെ കഥ പറഞ്ഞ ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന അക്ബറിന്, അമീര്‍ എന്ന സംസാരശേഷിയില്ലാത്ത തന്റെ സുഹൃത്തിനോട് തോന്നുന്ന പ്രണയവും സ്‌നേഹവുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
നായികാ – നായകന്‍ പ്രണയകഥകള്‍ കൊണ്ട് സമ്പുഷ്ടമായ മലയാള സിനിമയില്‍ അതേ സ്വീകാര്യതയോടു കൂടിയോ, അതിനു മുകളിലായോ സ്വവര്‍ഗ പ്രണയ സിനിമകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് തന്നെയാണ് വര്‍ത്തമാന മലയാള സിനിമയെ കുറിച്ചും സിനിമാസ്വാദന സമൂഹത്തെ കുറിച്ചും നമുക്കുള്ള പ്രതീക്ഷകള്‍.
Read more
സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ആം അനുഛേദം 2018 സെപ്റ്റംബര്‍ 6ന് സുപ്രീം കോടതി റദ്ദ് ചെയ്തതോടെ സമൂഹത്തിന്റെ പല തലങ്ങളിലായി സ്വവര്‍ഗ്ഗ പ്രണയം കൂടുതല്‍ സജീവമാകുന്നത് കാണാം.