'കശ്മീര്‍ ഫയല്‍സ്' അശ്ലീല സിനിമ, കുപ്രചാരണം; സിനിമയ്‌ക്കെതിരെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജൂറി തലവന്‍

53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘ദ കശ്മീര്‍ ഫയല്‍സ്’ ചിത്രത്തിനെതിരെ ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദവ് ലാപിഡ്. സിനിമ കണ്ട് ജൂറി അസ്വസ്ഥരായെന്നും ചിത്രം അശ്ലീലമാണെന്നും കുപ്രചാരണമാണെന്നും തോന്നി എന്നാണ് ലാപിഡ് സിനിമയുടെ പ്രദര്‍ശനത്തിന് ശേഷമുള്ള ചടങ്ങില്‍ പറഞ്ഞത്.

”കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഞങ്ങളെ എല്ലാവരെയും ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തു. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിന് അനുചിതമായ തരത്തിലുള്ള ഒരു കുപ്രചരണ, അശ്ലീല സിനിമയായി അതിനെ ഞങ്ങള്‍ക്ക് തോന്നി.”

”ഫെസ്റ്റിവലില്‍ വിമര്‍ശനാത്മകമായ ചര്‍ച്ചകള്‍ സ്വീകാര്യമായതിനാല്‍ നിങ്ങളുമായി തുറന്ന അതൃപ്തി പങ്കിടുന്നു” എന്നാണ് നദവ് ലാപിഡിന്റെ വാക്കുകള്‍. 1990കളില്‍ കശ്മീരില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ പ്രമേയമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീര്‍ ഫയല്‍സ്.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം, നവംബര്‍ 22-നായിരുന്നു ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അനുപം ഖേറും പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ വരെ പരാജയമായപ്പോള്‍ കശ്മീര്‍ ഫയല്‍സ് നേട്ടം കൊയ്തിരുന്നു.

Read more

ഈ വര്‍ഷം മാര്‍ച്ചില്‍ 630 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം പിന്നീട് 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. മെയ് 13ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഗോവ, ഗുജറാത്ത്, കര്‍ണാടക, ത്രിപുര തുടങ്ങി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഈ സിനിമ കാണാനായി ആഹ്വാനം ചെയ്തിരുന്നു.