'പഴയ കാലത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല ഗാനങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിവില്ല'; '96' ല്‍ തന്റെ ഗാനം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് ഇളയരാജ

ഏറെ പ്രേക്ഷക പ്രശംസ നേടിയ തമിഴ് ചിത്രമായിരുന്നു വിജയ് സേതുപതി തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 96. ചിത്രം പോലെ തന്നെ ഇതിലെ ഗാനങ്ങളും ഏറെ പ്രശംസ നേടി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ തന്റെ ഗാനം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. പഴയ കാലത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല ഗാനങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിവില്ലാത്തതിനാലാണ് തന്റെ ഗാനം അതില്‍ ഉള്‍പ്പെടുത്തിയെതെന്ന് ഇളയരാജ പറയുന്നു. ദളപതി എന്ന ചിത്രത്തിലെ യമുനയാറ്റിലെ എന്ന ഗാനം ഈ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു.

“ഇത് തീര്‍ത്തും തെറ്റായ കീഴ്‌വഴക്കമാണ്. ഈ സിനിമയില്‍ ഒരു പ്രത്യേക കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ പാട്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.”

Read more

“അവരുടെ ബലഹീനതയാണ് ഇത് കാണിക്കുന്നത്. കമ്പോസ് ചെയ്യുന്നയാളുടെ ആണത്തം ഇല്ലായ്മയാണത്. അവര്‍ക്ക് ഒരു കാലം ചിത്രീകരിക്കണമെങ്കില്‍ ആ കാലത്തിന് അനുയോജ്യമായ ഗാനം അവര്‍ ഉണ്ടാക്കണം.” സിനിമ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ഇളയരാജ പറഞ്ഞു. എന്നാല്‍ റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇളരാജയുടെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകന്‍ സി. പ്രേം കുമാര്‍ വ്യക്തമാക്കി.