പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്! നിര്‍ണായക രേഖകള്‍ കണ്ടെത്തി; സൗബിനെ ചോദ്യം ചെയ്യും

സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് നിര്‍മ്മാണ കമ്പനിയില്‍ നടന്ന ഇന്‍കംടാക്‌സ് റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പെന്ന് പ്രാഥമിക കണ്ടെത്തല്‍. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ആദായനികുതി വകുപ്പ് ഇന്ന് സൗബിനെ ചോദ്യം ചെയ്‌തേക്കും.

സിനിമ നിര്‍മ്മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നാണ് സൗബിന് നേരെ ഉയരുന്ന ആരോപണം. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

രണ്ട് നിര്‍മ്മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു.

Read more

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു. പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ വഞ്ചിച്ചു എന്നായിരുന്നു ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയത്.