മോഹന്‍ലാലിനൊപ്പം ജാക്കി ചാന്‍; നായര്‍ സാന്‍ ഒരുങ്ങുന്നു

ആക്ഷന്‍ ഇതിഹാസം ജാക്കി ചാനും മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. നേരത്തെയും നായര്‍ സാന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആല്‍ബര്‍ട്ട് ആന്റണി ആവും ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മലയാള സിനിമ ആഗോള മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ വലിയ സ്ഥാനം നേടിയെടുത്തതോടെ നായര്‍ സാന്‍ എന്ന ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കം തുടങ്ങിയെന്നാണ് അറിയുന്നത്.

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ജപ്പാനില്‍ നിന്ന് നേതൃത്വം നല്‍കിയ ശക്തനായ പോരാളിയായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ജപ്പാനിലെ അയോധന കല ആചാര്യനായി ജാക്കി ചാനും വേഷമിടും. 2008 ലാണ് നായര്‍ സാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ രണ്ടു താരങ്ങളുടെയും ഡേറ്റ് ചേരാത്തതും മോഹന്‍ലാലിന് അന്താരാഷ്ട്ര സിനിമയില്‍ ഇന്നത്തെ സ്വീകാര്യത ഇല്ലാത്തതും ചിത്രം മുടങ്ങാന്‍ കാരണമായി.

Read more

ഇപ്പോള്‍ യേശു ക്രിസ്തുവിന്റെ ജീവിത കഥ ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആണ് ആല്‍ബര്‍ട്ട് ആന്റണി. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഹോളിവുഡ് സാങ്കേതിക വിദഗ്ദര്‍ ആണ് അണിനിരക്കുക. ഇതിനു ശേഷം ആണ് മോഹന്‍ലാല്‍- ജാക്കി ചാന്‍ ചിത്രം നായര്‍ സാനും ആയി ആല്‍ബര്‍ട്ട് ആന്റണി എത്തുക.