200ൽ അധികം സിനിമകളാണ് ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയത്. ഹിറ്റുകൾ മാത്രമല്ല, നിരവധി ഫ്‌ളോപ്പുകളും ഈ വർഷം മോളിവുഡിൽ ഉണ്ടായിട്ടുണ്ട്. ചിലത് തിയേറ്ററിൽ ഫ്‌ലോപ്പ് ആയെങ്കിലും ഒ.ടി.ടിയിൽ എത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിച്ചു. പ്രേക്ഷകശ്രദ്ധ നേടിയ ഹിറ്റ് സിനിമകളിലേക്ക് നോക്കിയാൽ അതിലെല്ലാം കാണാൻ സാധിക്കുന്ന ഒരു മുഖമുണ്ട്. അത് നടൻ ജഗദീഷിന്റേത് ആണ്.
2023 ൽ പുരുഷ പ്രേതം, പൂക്കാലം, ഗരുഡൻ, ഫാലിമി, നേര് തുടങ്ങിയ സിനിമകളിലൂടെ ജഗദീഷിന്റെ മറ്റൊരു മുഖം തന്നെയാണ് നമ്മൾ കണ്ടത്. എന്നാൽ ഈ കഥാപാത്രങ്ങളെ വരെ കവച്ചു വയ്ക്കുന്ന കഥാപാത്രങ്ങളുമായാണ് നടൻ ഈ വർഷം എത്തിയത്. ശരിക്കും പറഞ്ഞാൽ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു വർഷം.
ഏഴ് സിനിമകളാണ് ജഗദീഷിന്റേതായി ഈ വർഷം തിയേറ്ററിൽ എത്തിയത്. ഏഴും ഹിറ്റാവുകയും ചെയ്തു. ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലറിലായിരുന്നു തുടക്കം. ഡോ. സേവി പുന്നൂസ് ആയാണ് നടൻ ചിത്രത്തിൽ എത്തിയത്. ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്ന ചിത്രത്തിൽ വേറിട്ട വില്ലൻ വേഷത്തിലെത്തി നടൻ പ്രേക്ഷകരുടെ കയ്യടി നേടി.
പിന്നീട് പൃഥ്വിരാജിന്റേയും അനശ്വര രാജന്റെയും അച്ഛൻ സുദേവൻ ആയി ഗുരുവായൂർ അമ്പലനടയിലും എത്തി. ബേസിൽ ജോസഫും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയം നേടി. അച്ഛൻ വേഷത്തിൽ നടൻ എത്തിയ മറ്റൊരു സിനിമ വാഴ ആണ്. എന്നാൽ ആ കഥാപാത്രം അച്ഛൻ വേഷത്തിൽ നിന്നും മാറി നായകന്റെ മെന്റർ എന്ന നിലയിൽ ആയിരുന്നു.
ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണത്തിൽ ടൊവിനോയും കൊള്ളാൻ നാണു എന്ന കഥാപാത്രമായെത്തിയ ജഗദീഷുമുള്ള രംഗം തീയേറ്ററിൽ കയ്യടി നേടിയിരുന്നു. എന്നാൽ കിഷ്‌കിന്ധാ കാണ്ഡത്തിലെ കഥാപാത്രം ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു. സുമദത്തൻ എന്ന ചെറിയ ഒരു വേഷത്തിലാണ് താരം വന്നതെങ്കിലും നിർണായകമായ ഒരു കഥാപാത്രമായിരുന്നു ഇത്. എന്നാൽ ഇതിന് ശേഷം
ഷറഫൂദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹലോ മമ്മിയിലും ജഗദീഷ് കയ്യടി നേടി. ചിത്രത്തിലും അച്ഛൻ വേഷം തന്നെയാണ് ചെയ്തത്. സാമുവേൽ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഏറ്റവും അവസാനമായി ഉണ്ണി മുകുന്ദന്റെ മാർക്കോയിൽ ടോണി ഐസക്ക് എന്ന ക്രൂരനായ വില്ലനായാണ് നടൻ കയ്യടി നേടുന്നത്. മലയാളസിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളാണ് മാർക്കോയുടെ ഹൈലൈറ്റ്. ഗംഭീര കളക്ഷനും പ്രതികരണങ്ങളും നേടി തിയേറ്ററിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’.
വർഷത്തിന്റെ തുടക്കം മുതൽ അവസാനം വരെ താൻ അഭിനയിച്ച എല്ലാ സിനിമകളിലും കിടിലൻ വേഷങ്ങളിലാണ് താരം എത്തിയത്. ഇതോടെ ഈ വർഷം അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാകുന്ന നടനായി മാറിയിരിക്കുകയാണ് ജഗദീഷ്. എന്തായാലും ഒരിടവേളയ്ക്ക് ശേഷം വ്യത്യസ്തമായ വേഷങ്ങളിലൂടെ ശക്തമായ ഒരു തിരിച്ചു വരവ് തന്നെയാണ് നടൻ നടത്തിയിരിക്കുന്നത്.
2025 ൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്താനുള്ള തയാറെടുപ്പിലാണ് താരം. അതുകൊണ്ട് തന്നെ ഇതിലും വ്യത്യസ്തമായ ഒരു നടനെ തീർച്ചയായും കാണാൻ സാധിക്കും എന്ന ഉറപ്പിക്കാം. എന്നാൽ കോമഡി വേഷങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട് എന്നുതന്നെ പറയാം.