അയാള്‍ക്ക് ഒരു കുടുംബമില്ലേ, മകള്‍ ഇല്ലേ, ഇത് കാണുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന നാണക്കേട് എത്രയാവും, സാന്ദ്രയോട് ബഹുമാനം തോന്നി: കൈലാസ് മേനോന്‍

സ്ത്രീകള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പങ്കുവെച്ച ഒരു ചിത്രത്തിന് എത്തിയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് കൈലാസ് മേനോന്റെ കുറിപ്പ്. മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസുകളുടെ താഴെ വരുന്ന കമന്റ്‌സ് വായിച്ചാല്‍ അറിയാം 93.91% സാക്ഷരതയും സാമാന്യ വിവേകവും തമ്മില്‍ വല്യ അന്തരമുണ്ടെന്ന് കൈലാസ് കുറിച്ചു.

കൈലാസ് മേനോന്റെ കുറിപ്പ്:

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് ഇത്ര മോശമായി പെരുമാറുന്ന മറ്റൊരു ജനതയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസുകളുടെ താഴെ വരുന്ന കമന്റ്‌സ് വായിച്ചാല്‍ അറിയാം 93.91% സാക്ഷരതയും സാമാന്യ വിവേകവും തമ്മില്‍ വല്യ അന്തരമുണ്ടെന്ന്.

Sandra Thomas തന്റെ 2 വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിന്‍ കരയില്‍ നിര്‍ത്തി തലയില്‍ വെള്ളമൊഴിക്കുന്ന വീഡിയോയെ പറ്റി വന്ന ഒരു വാര്‍ത്തയുടെ താഴെ വന്ന ഒരു കമന്റ് ആണിത്. “ആ പിള്ളേരേ വെറുതെ വിട്, എന്നിട്ട് നീ തുണി ഊരി കുറച്ചു വെള്ളം അടിച്ചു കെറ്റൂ” ഈ കമന്റ് എന്നെ ആദ്യം കാണിച്ചപ്പോള്‍ ഞാന്‍ സാന്ദ്രയോടു പറഞ്ഞത് പേര് മറയ്ക്കാതെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു ഇതിനെതിരെ പ്രതികരിക്കണം എന്നാണ്.

അതിലും കുറഞ്ഞ ശിക്ഷ ഇയാള്‍ അര്‍ഹിക്കുന്നില്ല എങ്കിലും സാന്ദ്ര ചെയ്തത് മറിച്ചാണ്. കമന്റ് ഇട്ടയാള്‍ക്ക് അയച്ച പേര്‍സണല്‍ മെസ്സേജ് ഇതില്‍ കാണാന്‍ കഴിയും. അയാള്‍ക്ക് ഒരു കുടുംബമില്ലേ, ഒരു മകള്‍ ഇല്ലേ, അവര്‍ ഇത് കാണുമ്പോള്‍ ഉള്ള അവസ്ഥയെന്താകും, ഭര്‍ത്താവിനെയും അച്ഛനെയും ഓര്‍ത്തുണ്ടാവുന്ന നാണക്കേട് എത്രയാവും, അത് ഓര്‍ത്തു മാത്രം അങ്ങനെ ചെയ്യണ്ട, പകരം പേര്‍സണല്‍ മെസ്സേജ് അയക്കാം, അത് കണ്ട് അയാള്‍ക്ക് ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തണേല്‍ തിരുത്തട്ടെ എന്ന്.

പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ചിന്തിക്കാന്‍ തോന്നിയതില്‍ സാന്ദ്രയോടു ബഹുമാനവും തോന്നി.
എങ്കിലും പേരും ഫോട്ടോയും മറച്ചു വെച്ച് ഇത് പോസ്റ്റ് ചെയ്യാന്‍ കാരണം സൈബര്‍ ബുള്ളിയിംഗ് വേറെ തലങ്ങളില്‍ എത്തി നില്‍ക്കുന്നു എന്ന തോന്നല്‍ കൊണ്ടാണ്. ആരോടും എന്തും പറയാം എന്ന ഈ പ്രവണതയ്ക്ക് എതിരെ ശബ്ദിച്ചേ തീരൂ.

കുറച്ചു പേരെങ്കിലും ഈ പോസ്റ്റ് കണ്ട് ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നുവെങ്കില്‍ നല്ലത് എന്ന് കരുതിയാണ്. ഇത്തരം കമന്റുകള്‍ ഇടുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, എല്ലാവരും ഒരുപക്ഷെ ഇത്ര മൃദുവായ സമീപനം എടുത്തുവെന്നു വരില്ല. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടേല്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ ഫേമസ് ആവാം.

Read more

https://www.facebook.com/kailasmenon2000/posts/10157405531184149