മമ്മൂട്ടി പറഞ്ഞു വച്ച രാഷ്ട്രീയം, അന്നത്തെ 'കുട്ടന്‍', ഇന്നത്തെ സത്യഭാമ; ചര്‍ച്ചകളില്‍ നിറഞ്ഞ് റത്തീനയുടെ 'പുഴു'

ബോധത്തിലും അബോധത്തിലും ജാതിപേറുന്ന ഒരു സവര്‍ണ്ണന്റെ ജീവിതത്തിലേക്കുള്ള ഡീറ്റെയിലിങ് ആയി എത്തിയ സിനിമയാണ് റത്തീനയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’. 2022ല്‍ പുറത്തെത്തിയ സിനിമ ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള കലാമണ്ഡലം സത്യഭാമയുടെ വംശീയ- ജാതീയ പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വീണ്ടും പുഴു എന്ന സിനിമ ചർച്ച ചെയ്യപ്പെടുന്നു,  പുഴുവില്‍ പറഞ്ഞു വച്ച രാഷ്ട്രീയം തന്നെയാണ് ഇതിന് കാരണവും.

സിനിമ കാട്ടി തന്ന അതേ സവര്‍ണ മേധാവിത്വമാണ് സത്യഭാമയുടെത് എന്ന ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കുട്ടന്റെ ബ്രാഹ്‌മണിക്കലായ ജാതിബോധം അതിന്റെ എക്സ്ട്രീം ലെവലുകളിലൂടെ സിനിമയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. കുട്ടന്‍ എന്ന കഥാപാത്രം ഇന്നത്തെ സത്യഭാമയാണ്. ഭൂരിപക്ഷ സമൂഹം താഴ്ന്നവരായി കണക്കാക്കുന്ന കറുത്ത നിറമുള്ളവരോട്  അവര്‍ക്കുള്ള അവജ്ഞയും വിവേചനവും അംഗീകരിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന ധാരാളം പേര്‍ ഉള്ള നാടാണിത്. മാത്രമല്ല, സൗന്ദര്യം എന്നതിന്റെ പര്യായം എപ്പോഴും വെളുപ്പിൽ മാത്രം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുമ്പോൾ സത്യഭാമയുടെ വംശീയ- ജാതീയ അധിക്ഷേപം ജനാധിപത്യ സമൂഹത്തിൽ തീർച്ചയായും ചർച്ച ചെയ്യേണ്ടതുണ്ട്.

ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ രാമകൃഷ്ണനെതിരെ വിവാദ പരമാര്‍ശം നടത്തിയത്. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരാജകത്വം വേറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല” എന്നായിരുന്നു സത്യഭാമയുടെ വിവാദ പ്രസ്താവന.

വര്‍ണവെറിയുടെയും ജാതിവെറിയുടെയും ജല്‍പ്പനങ്ങളാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടത്തിയത്. സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടും പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് സത്യഭാമ. ഈ സന്ദര്‍ഭത്തിലാണ് ‘പുഴു’ എന്ന സിനിമയുടെ ഉള്ളടക്കവും പ്രസക്തമാകുന്നത്.

ആദ്യം പുഴുവരിച്ച് തുടങ്ങിയ ചിന്താഗതികള്‍ക്ക് മുകളിലൂടെ പിന്നെ ചൊറിയാന്‍ തുടങ്ങിയ അനുഭവമാണ് സിനിമ. ഒരുപാട് അന്തര്‍വായനയുള്ള, സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞു പോയ ജാതി വിവേചനത്തിലേക്കും ദുരഭിമാനത്തിന്റെ അടരുകളിലേക്കെല്ലാം തുറന്ന് വച്ച കാഴ്ച കൂടിയാണ്. സവര്‍ണ ബ്രാഹ്‌മണാധികാരത്തിന്റെ പ്രിവിലേജുകളില്‍ ജീവിക്കുകയും അതിന്റെ അധികാരബോധത്തോടെ മറ്റുള്ളവരോട് പെരുമാറുകയും ചെയ്യുന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച കുട്ടന്‍. ആ കഥാപാത്രം ചുറ്റുമുള്ള കഥാപാത്രങ്ങളില്‍ ഉളവാക്കുന്ന ഭയവും അസ്വസ്ഥതയും കാഴ്ചക്കാരിലും നിറഞ്ഞിരുന്നു. മനുഷ്യന്റെ ദേഹം പുഴുവരിക്കാന്‍ ജീവന്‍ വെടിയണമെന്നില്ല, ജീവനോടെയും പുഴുകയറും. തലച്ചോറ് ദ്രവിക്കുന്ന തരത്തില്‍, അവനവന്റെ ചിന്തകളാണ്, മനോഭാവമാണ് കുഴപ്പം.

സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയും മുസ്ലീം വിരുദ്ധതയുമൊക്കെ പുഴു എന്ന സിനിമ മറയില്ലാതെ കാണിച്ചു തന്നിരുന്നു. ഒരുകാലത്ത് മന്നാഡിയരായും മേലേടത്ത് രാഘവന്‍ നായര്‍ ആയും ഗ്ലോറിഫൈ ചെയ്യപ്പെട്ട അതേ മമ്മൂട്ടിയിലൂടെ കാലം നല്‍കിയ മറുപടി കൂടിയാണ് പുഴു. നേരത്തെ മലയാള സിനിമയില്‍ അതിപ്രസരം ആയിരുന്ന, മമ്മൂട്ടി തന്നെ ചെയ്തിട്ടുള്ള, സവര്‍ണ ഹിന്ദുത്വ കഥാപാത്രങ്ങളിലെ സവര്‍ണത അല്ലെങ്കില്‍ ജാതീയത എന്ന വിപത്തിനെ അഡ്രസ് ചെയ്ത മലയാള സിനിമകള്‍ വിരളമാണ്, പുഴു അത്തരമൊരു രാഷ്ട്രീയമാണ് സംസാരിച്ചത്.

അതേസമയം, ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. താന്‍ കലാമണ്ഡലത്തില്‍ പഠിക്കുന്ന സമയം മുതല്‍ നിറത്തെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ സത്യഭാമയ്ക്കെതിരെ കഴിഞ്ഞ ദിവസം  മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവര്‍ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുക്കുന്നതും ഇവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് ആര്‍എല്‍വി പ്രതികരിച്ചിരുന്നു.

സൗന്ദര്യം എന്നുമുതലാണ് വെളുപ്പിനോട് മാത്രം ഉടമ്പടിയായിട്ടുള്ളത്? സൗന്ദര്യമെന്നത് എപ്പോഴും കറുപ്പ് വെളുപ്പ് ബൈനറികളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഇത്തരം സത്യഭാമമാർ സമൂഹത്തിൽ നിരവധിയുണ്ട്, അവർ ഓരോരോ ഘട്ടങ്ങളിൽ അവരുടെ പുറംമോടികളിൽ നിന്നും ഇങ്ങനെ പുറത്തു വന്നു കൊണ്ടേയിരിക്കും. അവരെ പ്രതിരോധിക്കേണ്ടത് ഒരാളുടെ മാത്രം ഉത്തരാവാദിത്വമല്ല. അതൊരു ആധുനിക സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്.

Read more