പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ആദ്യത്തെ ദിനം തന്നെ മോശം പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചതെങ്കിലും കളക്ഷനില്‍ വന്‍ നേട്ടം കൊയ്ത് സൂര്യ ചിത്രം ‘കങ്കുവ’. പുലര്‍ച്ചെ 4 മണിക്ക് തന്നെ പ്രദര്‍ശനം ആരംഭിച്ച ചിത്രം 40 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നും മാത്രം 4 കോടി രൂപയാണ് ചിത്രം നേടിയത്.

ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 22 കോടി രൂപയാണ് നേടിയത്. ശിവയുടെ സംവിധാനത്തില്‍ എത്തിയ പിരീയോഡിക് ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്ടം തോന്നുന്നതാണ് എന്നാണ് ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നത്. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് ഇമോഷണല്‍ ഫസ്റ്റ് ഹാഫാണ്.

സൂര്യയുടെ മികച്ച പ്രകടനമാണ്. സംഗീതവും മികച്ചതാണെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. എന്നാല്‍ ദുരന്തത്തിന് മറ്റൊരു പേര് കങ്കുവ എന്നാണ് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. രണ്ടര വര്‍ഷം കാത്തിരുന്നിട്ട് ഇത്രയും നിരാശപ്പെടുത്തിയ സിനിമ കണ്ടിട്ടില്ലെന്നും, സൂര്യ ആരാധകര്‍ എന്ന നിലയില്‍ ആവറേജ് പടമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Read more