വിവരക്കേട് അടിവരയിട്ട് പറയരുത്, 2023 ഡിസംബര്‍ 31ന് സെന്‍സര്‍ ചെയ്ത ചിത്രം എങ്ങനെ ആ വര്‍ഷത്തെ ജനപ്രിയ സിനിമയാകും..; '2018'നെ തഴഞ്ഞതില്‍ വിവാദം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. ‘2018’ ചിത്രത്തെ തഴഞ്ഞ് ‘ആടുജീവിത’ത്തിന് ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. 2018 ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണി അടക്കം നിരവധി പേരാണ് 2024ല്‍ പുറത്തിറങ്ങിയ ആടുജീവിതത്തിന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

”എന്തിലുമേതിലും വര്‍ഗീയതയും രാഷ്ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയില്‍ മോഹങ്ങള്‍ മോഹഭംഗങ്ങളായും സ്വപ്നങ്ങള്‍ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകള്‍ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോള്‍ നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ പകയേതുമില്ലാത്തവര്‍ വരുന്ന ആ സുന്ദരപുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തുപറയാന്‍ (അല്ല പിന്നെ)” എന്നാണ് 2018ന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ‘ഇടത്തോട്ട് ചരിഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം’ എന്ന് പൊട്ടിച്ചിരി സ്‌മൈലിയോടെ ജൂഡ് ആന്തണി കമന്റ് ചെയ്തു. ഇതോടെ ഓസ്‌കര്‍ നോമിനേഷന്‍ വരെ നേടിയ 2018നെ തഴഞ്ഞതിനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്.

2024ല്‍ റിലീസ് ചെയ്ത ആടുജീവിതത്തിന് 2023ലെ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് കൊടുത്തതിനെതിരെ നിര്‍മ്മാതാവ് ഷിബു ജി. സുശീലനും രംഗത്തെത്തി. ഇരു ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ പങ്കുവെച്ച്, ”2023ലെ ജനപ്രിയ ചിത്രം ഇതില്‍ ഏതായിരുന്നു. 2024ല്‍ ഇറങ്ങിയ ചിത്രം ആയിരുന്നോ? വിവരക്കേട് അടിവരയിട്ട് പറയരുത്” എന്നാണ് ഷിബു ജി സുശീലന്‍ കുറിച്ചത്.

2023 ഡിസംബര്‍ 31-ന് സെന്‍സര്‍ ചെയ്തതാണെങ്കിലും എങ്ങനെ ആ വര്‍ഷത്തെ ജനപ്രിയ ചിത്രമാകുമെന്നാണ് ഷിബു ചോദിക്കുന്നത്. അതേസമയം, മികച്ച കലാസംവിധായകനുള്ള പുരസ്‌കാരവും വിഷ്വല്‍ എഫക്ട്‌സിനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഒഴിച്ചാല്‍ മറ്റൊരു കാറ്റഗറിയിലും 2018 ഇടം നേടിയിരുന്നില്ല.

Read more